‘നൈസ് ആയിട്ട് ഒഴിവാക്കി അല്ലേ’; പിഡബ്ല്യുസിയില്‍ സർക്കാരിനെ പരിഹസിച്ച് കെ.എസ്.ശബരീനാഥന്‍ എംഎല്‍എ

Jaihind News Bureau
Saturday, July 18, 2020

 

ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി സ്ഥാനത്ത് നിന്നും പിഡബ്ല്യുസിയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനെതിരെ പരിഹാസവുമായി കെ.എസ്.ശബരീനാഥന്‍ എംഎല്‍എ. മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിലെ രംഗം പങ്കുവെച്ചുകൊണ്ടായിയിരുന്നു ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി സ്ഥാനത്ത് നിന്നും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി.ഡബ്ല്യു.സി) കമ്പനിയെ സർക്കാർ ഒഴിവാക്കി. പി.ഡബ്ല്യു.സിയുമായി തുടര്‍ സഹകരണമുണ്ടാകില്ലെന്നും തീരുമാനമായി. കരിമ്പട്ടികയിലുള്ള സ്ഥാപനത്തിന് സര്‍ക്കാര്‍ 4500 കോടിയുടെ പദ്ധതി കണ്‍സള്‍ട്ടന്‍സി നല്‍കിയത് വിവാദമായിരുന്നു. കരാറിലെ അഴിമതിയെക്കുറിച്ച് ആദ്യം പുറത്തു കൊണ്ടുവന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു.

സംസ്ഥാന സർക്കാരിന്‍റെ കൺസൾട്ടൻസി കരാറുകൾക്കെതിരെ സി.പി.എം കേന്ദ്ര നേതൃത്വവും രംഗത്തെത്തിയിരുന്നു.  സംസ്ഥാനത്തെ എല്ലാ കൺസൾട്ടൻസി കരാറുകളും പുന:പരിശോധിക്കണമെന്നും കരിമ്പട്ടികയിലുള്ള സ്ഥാപനങ്ങൾക്ക് കരാർ നൽകരുതെന്നുമായിരുന്നു കേന്ദ്രനേതൃത്വത്തിന്‍റെ നിർദേശം.