ജി.എസ്.ടി ഒരു വര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തില്‍ ഇടിവ്

Jaihind News Bureau
Saturday, June 30, 2018

ജി.എസ്.ടി നിലവിൽ വന്ന് ഒരു വർഷം പൂർത്തിയാകുമ്പോൾ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വലിയ ഇടിവ്. നികുതി വർധിച്ചെന്ന സംസ്ഥാന സർക്കാരിന്റെ അവകാശവാദം തെറ്റാണെന്നും പത്തുമാസത്തിനിടെ വരുമാനത്തിൽ 609 കോടി രൂപ കുറവ് വന്നെന്നും സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വാറ്റിൽ നിന്ന് ചരക്കു സേവന നികുതിയിലേക്കു മാറുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്തുമെന്നു കേന്ദ്രം ഉറപ്പ് നൽകിയിരുന്നു. ജി.എസ്.ടി നടപ്പിലാകുന്നതിന് മുൻപുള്ള സംസ്ഥാനത്തിന്റെ നികുതി വളർച്ച പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്.

2015 – 16 സാമ്പത്തിക വർഷത്തെ നികുതി പിരിവിന്റെ 14% വർധന കണക്കാക്കി രണ്ട് മാസത്തെ നഷ്ടപരിഹാരമായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് 3,644 കോടി രൂപയാണ്. ഇതിൽ നിന്നു എസ് ജി.എസ്.ടി – വാറ്റ് കലക്ഷൻ ഒഴിവാക്കി 2017 -18 സാമ്പത്തിക വർഷം സംസ്ഥാനത്തിന് ലഭിച്ചത് 2,838 കോടി രൂപയാണ്.

2017 – 18 സാമ്പത്തിക വർഷം സംസ്ഥാനം പ്രതീക്ഷിച്ച നികുതി വരുമാനം 42,193 കോടി രൂപയും ലഭിച്ച വരുമാനം 38,407 കോടി രൂപയുമാണ്. ജി.എസ്.ടിയും ജി.എസ്.ടി നഷ്ടപരിഹാരവും ഉൾപ്പെടെ ഇത്രയും തുക ഖജനാവിലേക്ക് വന്നെങ്കിലും കുറവ് വന്നത് 3,786 കോടി രൂപ. കേന്ദ്ര നഷ്ടപരിഹാരം കൂടി കൂട്ടിയാണ് നികുതി പിരിവിൽ വർധനയുണ്ടെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്.

ജി.എസ്.ടി നടപ്പിലാക്കി അഞ്ച് വർഷത്തേക്കാണ് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുള്ളത്. ഇനി നാല് വർഷം കൂടി നഷ്ടപരിഹാരം ലഭിക്കും. ഈ നില തുടർന്നാൽ നാല് വർഷം കഴിഞ്ഞ് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകാനിടയുണ്ട്. വരുമാനം വർധിപ്പിക്കാനോ ജി.എസ്.ടി വഴി ഓരോ ഉൽപന്നത്തിനും ലഭിക്കുന്ന നികുതി കണക്കാക്കാനോ സംസ്ഥാന സർക്കാരിന് സംവിധാനമില്ല. ജി.എസ്.ടി ശൃംഖലയിൽ നിന്ന് സംസ്ഥാനത്തിന് ആവശ്യമായ വിവരങ്ങൾ ലഭിക്കാനുള്ള സോഫ്റ്റ് വെയറും ഇതുവരെ തയാറാക്കിയിട്ടില്ല. എൻ.ഐ.സിക്കാണ് ഇതിന്റെ ചുമതല.

നികുതി വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികളിലും മെല്ലെപ്പോക്കാണ്. അപ്പീൽ കേസുകളും കോടതി കേസുകളും വേഗം തീർപ്പാക്കുന്നതിന് നടപടിയില്ല. റവന്യൂ റിക്കവറി നടപടികളും കാര്യക്ഷമമല്ല.