സാമ്പത്തിക മാന്ദ്യം: ജി.എസ്.ടി വരുമാനം 40,000 കോടി കുറയും; അനങ്ങാപ്പാറ നയം തുടര്‍ന്ന് മോദി സർക്കാർ

Jaihind Webdesk
Friday, September 6, 2019

GST-3

രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിന്‍റെ വരുമാനത്തില്‍ കനത്ത ഇടിവുണ്ടാക്കുമെന്ന് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍. ജി.എസ്.ടി വരുമാനത്തിലെ ഇടിവാണ് കേന്ദ്രസര്‍ക്കാരിന്‍റെ വരുമാനത്തെ പ്രധാനമായും ബാധിക്കുക. ബിസിനസ് മേഖലയിലുണ്ടായ തകര്‍ച്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത ഭീഷണി നേരിടുകയാണ് രാജ്യത്തെ വ്യവസായ, നിർമാണ  മേഖലകളും. അതേസമയം പ്രതിസന്ധി രൂക്ഷമായിട്ടും വിഷയം ഗൌരവത്തോടെ കാണാനോ പ്രശ്നപരിഹാരത്തിനോ മോദി സർക്കാര്‍ ശ്രമിക്കുന്നില്ല.

ഈ സാമ്പത്തിക വർഷത്തില്‍ ജി.എസ്.ടി വരുമാനത്തിൽ 40,000 കോടി രൂപയുടെ കുറവ് വരുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍. നടപ്പ് സാമ്പത്തികവർഷത്തില്‍ ജി.എസ്.ടി വരുമാനത്തില്‍ 10 ശതമാനം വളർച്ചയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അഞ്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ ജി.എസ്.ടി വളര്‍ച്ച 6.4 ശതമാനം മാത്രമാണ്. നടപ്പ് സാമ്പത്തികവര്‍ഷത്തിന്‍റെ തുടക്കത്തില്‍ ജി.എസ്.ടി വരുമാനം 1.13 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ ഏപ്രിലിന് ശേഷം ഇത് ക്രമാനുഗതമായി കുറയുകയായിരുന്നു. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത് 40,000 കോടി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ജി.എസ്.ടി സംവിധാനത്തില്‍‌ കേന്ദ്രം പിരിക്കുന്ന നികുതിയുടെ ഒരു വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കും. 14 ശതമാനം അധിക നികുതി വിഹിതം കേന്ദ്രം നൽകുമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നതിനാൽ ജി.എസ്.ടി വരുമാനത്തിലെ ഇടിവ് കേന്ദ്ര സർക്കാരിനെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം നട്ടം തിരിയുമ്പോഴും പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്ത നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പ്രസ്താവനയിറക്കി കണ്ണടച്ച് ഇരുട്ടാക്കാനുള്ള ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.[yop_poll id=2]