ഭരണഘടനാസ്ഥാപനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു ; എതിര്‍ ശബ്ദമുയർത്തുന്നവരെ ജയിലിലാക്കുന്നു : മോദി സർക്കാര്‍ രാജ്യത്തിന്‍റെ ഐക്യം നശിപ്പിക്കുന്നതായും വിമർശനം

Jaihind Webdesk
Sunday, November 24, 2019

ഒഡീഷ : മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്‍റ്. മോദി സർക്കാരിന്‍റെ കാലത്ത് രാജ്യത്തെ പുരോഗമന നിയമങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെടുകയാണെന്നും ജനകീയ മുന്നേറ്റങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും പീപ്പിള്‍സ് മൂവ്മെന്‍റ് സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. മോദി സർക്കാര്‍ രാജ്യത്തിന്‍റെ ഐക്യത്തെ നശിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കണ്‍വന്‍ഷനില്‍ സംസാരിച്ച  എന്‍.എ.പി.എം കണ്‍വീനര്‍ മേധാ പട്കർ ചൂണ്ടിക്കാട്ടി.

‘വളരെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എല്ലാ സ്ഥാപനങ്ങളും ആക്രമണത്തിനിരയായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രം നേതൃത്വം കൊടുക്കുന്ന പാര്‍ട്ടി രാജ്യത്തിന്‍റെ ഐക്യത്തെ തകർക്കുകയാണ് ചെയ്യുന്നത്. ഇത് ഇപ്പോഴേ തിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യം വിഘടിപ്പിക്കപ്പെടും ’ –  മേധാ പട്കര്‍ പറഞ്ഞു.

എതിര്‍ശബ്ദമുയര്‍ത്തുന്നവരെ ജയിലിലാക്കുന്ന സമീപനമാണ് ബി.ജെ.പി സർക്കാർ സ്വീകരിക്കുന്നതെന്ന് കണ്‍വന്‍ഷനില്‍ പങ്കെടുത്ത അരുണ റോയ് പറഞ്ഞു. സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേല്‍ പിടിമുറുക്കുകയാണ് സര്‍ക്കാരെന്നും അരുണ റോയ് ആരോപിച്ചു. വിവരാവകാശ നിയമത്തിനുവേണ്ടി രാജ്യമൊട്ടാകെ പ്രക്ഷോഭം നടത്തിയ സാമൂഹിക പ്രവർത്തകയാണ് അരുണ റോയ്.

ബി.ജെ.പി സര്‍ക്കാരിന്‍റെ കാലത്ത് പുരോഗമനപരമായ എല്ലാ നിയമങ്ങളിലും വെള്ളം ചേര്‍ക്കുകയാണെന്നും കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. വിവരാവകാശം, തൊഴില്‍, പരിസ്ഥിതി , തീരദേശം, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി സുപ്രധാനമായ പല നിയമങ്ങളിലും മോദി സർക്കാര്‍ കൈകടത്തിയെന്നും കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി. വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുക,രാജ്യത്തിന്‍റെ സാംസ്‌കാരികവും മതപരവുമായ ബഹുസ്വരത നിലനിര്‍ത്തുക എന്ന പ്രമേയത്തില്‍ ഒഡീഷയില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ കണ്‍വഷനില്‍ സംസാരിക്കുകയായിരുന്നു പ്രവര്‍ത്തകര്‍.