വികസനമുരടിപ്പിന്‍റെ 100 ദിനങ്ങള്‍; മോദി സർക്കാരിന്‍റെ വീഴ്ചകള്‍ പറയുന്ന വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Sunday, September 8, 2019

രണ്ടാം മോദി സർക്കാർ നൂറ് ദിവസം പിന്നിടുമ്പോള്‍ രാജ്യത്തിന്‍റെ സമസ്തമേഖലകളിലെയും തകര്‍ച്ച ചൂണ്ടിക്കാട്ടി ഹ്രസ്വ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ്. രാജ്യത്തിന്‍റെ നിലവിലെ അവസ്ഥയില്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധി പങ്കുവെച്ചുള്ള ജനങ്ങളുടെ പ്രതികരണമാണ് വീഡിയോയില്‍. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യം വിവിധ മേഖലകളെ എപ്രകാരം ബാധിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. വികസനമുരടിപ്പിന്‍റെ 100 ദിനങ്ങള്‍ എന്ന ഹാഷ് ടാഗോടെയാണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജില്‍ വീഡിയോ പങ്കുവെച്ചത്.

മോദി ഭരണത്തില്‍ രാജ്യത്തെ ജനങ്ങളുടെ പ്രതികരണമാണ് വീഡിയോയിലൂടെ പങ്കുവെക്കുന്നത്. രൂക്ഷമായ തൊഴിലില്ലായ്മ, സാമ്പത്തിക തകര്‍ച്ച, ആള്‍ക്കൂട്ട ആക്രമണം തുടങ്ങി കശ്മീര്‍ വിഷയം വരെ വീഡിയോയില്‍ പരാമർശിക്കുന്നു. ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം ബിസിനസ് കുത്തനെ ഇടിഞ്ഞതായി വ്യാപാരികള്‍ പറയുന്നു. സമസ്തമേഖലയിലും മാന്ദ്യം ബാധിക്കുകയാണെന്ന യാഥാർഥ്യവും വീഡിയോ വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് ജീവിക്കണമെങ്കില്‍ പേടിക്കേണ്ട അവസ്ഥയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എപ്പോഴൊക്കെ ബി.ജെ.പി അധികാരത്തിലെത്തിയിട്ടുണ്ടോ അപ്പോഴൊക്കെ ബിസിനസ് തകർച്ച ഉണ്ടായിട്ടുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.