ഒടുവില്‍ ധനമന്ത്രി സമ്മതിച്ചു ; രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍

Jaihind Webdesk
Monday, November 11, 2019

രാജ്യത്തെ സാമ്പത്തിക മേഖല പ്രതിസന്ധിയിലാണെന്ന് തുറന്ന് സമ്മതിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഒരു പൊതുപരിപാടിക്കിടെയായിരുന്നു ധനമന്ത്രി ഇക്കാര്യം തുറന്നുസമ്മതിച്ചത്. രാജ്യം ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലൂടെ കടന്നുപോകുമ്പോഴും ഇത് അംഗീകരിക്കാന്‍ നിർമല സീതാരാമനോ ബി.ജെ.പിയോ തയാറായിരുന്നില്ല. സാമ്പത്തിക വളർച്ച 6 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി ദിവസങ്ങൾ പിന്നിടുമ്പോഴാണ് ധനമന്ത്രിയുടെ ഏറ്റുപറച്ചില്‍.

ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന മാന്ദ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടെയായിരുന്നു നിർമല സീതാരാമന്‍റെ ഏറ്റുപറച്ചില്‍. രാജ്യത്തിന്‍റെ സാമ്പത്തികരംഗം ഇപ്പോൾ വെല്ലുവിളി നേരിടുകയാണെന്ന് നിര്‍മല സീതാരാമന്‍ സമ്മതിച്ചു. ഇന്ത്യ യഥാർഥത്തിൽ മാന്ദ്യത്തിലാണോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.  ഐ.എഫ്.എം.ആർ ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസിന്‍റെ മേധാവി വി അനന്ത നാഗേശ്വരനും ഗ്ലോബൽ ഇന്നൊവേഷൻ ഫണ്ടിലെ സീനിയർ മാനേജിംഗ് ഡയറക്ടർ ഗുൽസാർ നടരാജനും ചേർന്ന് രചിച്ച ‘ദ റൈസ് ഓഫ് ഫിനാൻസ്: കോസസ്, കോൺസിക്വൻസസ്, ക്യുർ’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.

ഇന്ത്യയുടെ സാമ്പത്തിക വളർച്ച ജൂൺ പാദത്തിൽ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി കുറഞ്ഞിരുന്നു. സാമ്പത്തികമേഖലയിലെ തെറ്റായ നയങ്ങളാണ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് രാജ്യത്തെ നയിച്ചത്. രാജ്യത്തിന്‍റെ കാര്‍ഷിക, വ്യവസായ, വാണിജ്യ മേഖലകളെല്ലാം വലിയ പ്രതിസന്ധിയെ നേരിടുകയാണ്. എന്നാല്‍ ഇതിനെ മറികടക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ് കേന്ദ്ര സർക്കാര്‍.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റിസർവ് ബാങ്കിന്‍റെ കരുതല്‍ ധനത്തില്‍ നിന്ന് പണം വാങ്ങാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനവും കടുത്ത വിമർശനത്തിന് വഴിവെച്ചിരുന്നു. ഇത് ആദ്യമായാണ് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ നിർമല സീതാരാമന്‍ തയാറാകുന്നത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നായിരുന്നു ബി.ജെ.പിയും ധനമന്ത്രിയും ഇതുവരെ അവകാശപ്പെട്ടിരുന്നത്.