കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അല്‍പസമയത്തിനകം അവതരിപ്പിക്കും

Jaihind News Bureau
Saturday, February 1, 2020

കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ രണ്ടാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റ് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. രാവിലെ 11നാണ് ബജറ്റ് അവതരണം. ആദായനികുതി സ്ലാബുകളിൽ മാറ്റമുണ്ടാകുമോ എന്നതാകും ബജറ്റിൽ ശമ്പളവരുമാനക്കാരുടെ പ്രധാന ശ്രദ്ധാവിഷയം. ധനമന്ത്രിയും സംഘവും അല്‍പസമയത്തിനകം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും.

ഡൽഹി തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു എന്നതും ബജറ്റിനെ സ്വാധീനിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ബജറ്റിന് മുന്നോടിയായി ഇന്നലെ പുറത്ത് വന്ന സാമ്പത്തിക സർവേ കേന്ദ്ര സർക്കാരിന്‍റെ 5 ട്രില്യൻ ഇക്കോണമി വാദം പൊളിക്കുന്നതാണ്.

2019–20 വർഷത്തെ സാമ്പത്തിക സർവേയിലെ കണക്കുകൾതന്നെ വ്യക്തമാക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ 5 ട്രില്യൻ ഇക്കോണമി എന്ന ലക്ഷ്യം നിറവേറുന്നതിന് ഏറെ പാടുപെടേണ്ടി വരുമെന്നാണ്. 6.8 ശതമാനമായിരുന്നു 2018–19ൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലെ (ജിഡിപി) വളർച്ച. 2019–20ൽ അതു മെച്ചപ്പെട്ട് 7 ശതമാനമാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ സാമ്പത്തിക സർവേ കണക്കു വന്നപ്പോള്‍ നടപ്പു സാമ്പത്തിക വർഷത്തിലെ വളർച്ചാനിരക്ക് 5 ശതമാനമായി. 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

സാമ്പത്തിക വളർച്ചയിലെ മുരടിപ്പു മാറ്റാൻ എന്തു നടപടികളെടുക്കുന്നു എന്നതാകും ശ്രദ്ധേയം. ഈ വർഷം വളർച്ച 5 ശതമാനവും അടുത്ത വർഷം 6– 6.5 ശതമാനവുമെന്നാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നത്. അപ്പോഴും, 2025ൽ 5 ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം സർക്കാർ നിലനിർത്തുന്നു.