പ്രഖ്യാപനങ്ങളുടെ വിത്തെറിഞ്ഞ് ധനമന്ത്രി ; പാഴ്‌വാക്കാകുമോ എന്ന ആശങ്കയില്‍ കർഷകർ

Jaihind News Bureau
Saturday, February 1, 2020

Farmer-1

നിർമലാ സീതാരാമന്‍റെ രണ്ടാമത് ബജറ്റിൽ കാർഷിക മേഖലയ്ക്ക് വേണ്ടി നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. കർഷക ആത്മഹത്യ നിരന്തരം വർധിക്കുന്ന സാഹചര്യത്തിലും വാഗ്ദാനപ്പെരുമഴയ്ക്ക് ഒരു കുറവും ഇല്ല. ആദ്യ ബജറ്റിലെ കാർഷിക പ്രഖ്യാപനങ്ങൾ ഇപ്പോഴും പ്രഖ്യാപനങ്ങൾ മാത്രമായി തുടരുമ്പോഴാണ് പോലും പുതിയത് എന്നുള്ളതും ശ്രദ്ധേയമാണ്. പ്രഖ്യാപനങ്ങൾ വീണ്ടും പാഴ്‌വാക്കാകുമോ എന്ന ആശങ്കയിലാണ് രാജ്യത്തെ കർഷകർ.

ബജറ്റിൽ കാർഷിക മേഖലയ്ക്കായി 2.83 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കാർഷിക വായ്പകൾക്കായി 15 ലക്ഷം കോടി രൂപ വകയിരുത്തുമെന്നും മാതൃകാ കാർഷിക നിയമങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ പറയുന്നു. കർഷക ക്ഷേമത്തിനായി 16 ഇന കർമ പദ്ധതികളാണ് ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. ജലദൗർലഭ്യം നേരിടാൻ 100 ജില്ലകൾക്കായി പ്രത്യേക പദ്ധതി, തരിശ് ഭൂമിയിൽ സോളാർ പവർ പ്ലാന്‍റുകൾ, കർഷകർക്കായി 20 ലക്ഷം സൗരോർജ പമ്പുകൾ, കർഷകർക്ക് അതിവേഗം ഉൽപന്നങ്ങൾ അയക്കാൻ കിസാൻ റെയിൽ പദ്ധതി, പെട്ടെന്ന് കേടാകുന്ന ഉൽപന്നങ്ങൾ അയക്കാൻ വ്യോമമന്ത്രാലയത്തിന്‍റെ കീഴിൽ കൃഷി ഉഡാൻ പദ്ധതി തുടങ്ങി ആശങ്കയില്‍ തുടരുന്ന കാർഷിക മേഖലക്കായി 16 ഇന കർമപദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയിൽ പകുതിയോളം ജനങ്ങൾ ഇപ്പോഴും ഉപജീവനത്തിനായി ആശ്രയിക്കുന്നത് കാർഷിക മേഖലയെയാണ്. മോദി ഭരണത്തിൽ തകർന്നടിഞ്ഞതും കൃഷിയെ ആശ്രയിക്കുന്നവരുടെ ഉപജീവന മാർഗമായിരുന്നു. കഴിഞ്ഞ ബജറ്റിൽ കാർഷിക പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനുള്ള മാർഗങ്ങൾ ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ദേശീയ വരുമാനത്തിന്‍റെ 16 ശതമാനം സംഭാവന ചെയ്യുന്ന കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി കഴിഞ്ഞ ബജറ്റിൽ വെറും 5 ശതമാനം മാത്രമാണ് മാറ്റിവെച്ചത്. ഇതിൽ തന്നെ ഭൂരിഭാഗം തുകയും കർഷകർക്ക് 6,000 രൂപ വെച്ച് നൽകാനായി മാറ്റിവെച്ചിരുന്നു. കാർഷിക വരുമാനം വർധിപ്പിക്കാൻ കഴിയില്ലെന്നായപ്പോൾ ഒരു കർഷക കുടുംബത്തിന് വർഷത്തിൽ 6000 രൂപ കൊടുത്ത് സമാധാനിപ്പിക്കാം എന്ന തന്ത്രമാണ് മോദി സർക്കാർ തെരഞ്ഞെടുത്തത്. എന്നാൽ ഈ തുക പോലും ഇനിയും ലഭിക്കാത്ത കർഷകർ ബാക്കിയാണ്. തകർന്നടിഞ്ഞുകൊണ്ടിരിക്കുന്ന കാർഷിക മേഖലയെ കൈ പിടിച്ചുയർത്താൻ എന്ന വാഗ്ദാനത്തോടെയാണ് ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ ദാരിദ്രാവസ്ഥയിലേക്ക് കടക്കുന്ന ഇന്ത്യയെ പിടിച്ചു കയറ്റാൻ സർക്കാരിന് കഴിയുമെന്ന പ്രതീക്ഷ കർഷകരെ സംബന്ധിച്ചിടത്തോളം അസ്തമിച്ചിരിക്കുകയാണ്.