കേന്ദ്ര ബജറ്റ് : പ്രതിരോധ മേഖലയ്ക്ക് കാര്യമായ പരിഗണന നല്‍കാത്തത് വേദനാജനകം, പ്രതിഷേധാര്‍ഹം : എ.കെ.ആന്‍റണി

Jaihind News Bureau
Monday, February 1, 2021

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തി ഇത്രയേറെ സംഘര്‍ഷ ഭരിതമായി നിന്നിട്ടും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് കാര്യമായ പരിഗണന നല്‍കാത്തത് തികച്ചും വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്‍റണി എം.പി. മറുപടി പ്രസംഗത്തിലെങ്കിലും ധനമന്ത്രി തെറ്റ് തിരുത്താന്‍ തയ്യാറകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1962-ന് ശേഷം 4000 കിലോമീറ്ററോളം വരുന്ന ഇന്ത്യാ ചൈന അതിര്‍ത്തി ഇത്രയേറെ സംഘര്‍ഷ ഭരിതമായ കാലഘട്ടം ഉണ്ടായിട്ടില്ല. ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ഉടനീളം ചൈനീസ് പട്ടാളത്തിന്‍റെ നുഴഞ്ഞുകയറ്റം തുടരുകയാണ്. കഴിഞ്ഞ 9 മാസമായി ഈസ്‌റ്റേണ്‍ ലഡാക്കില്‍ നിരവധി സ്ഥലങ്ങള്‍ ചൈന കൈയ്യേറി വച്ചിരിക്കുകയാണ്. നിരവധി റൗണ്ട് ചര്‍ച്ച കഴിഞ്ഞിട്ടും കൈയ്യേറ്റത്തില്‍ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോയിട്ടില്ല. ഏറ്റവും ഒടുവില്‍ അരുണാചല്‍ പ്രദേശിന്‍റെ പല ഭാഗത്തും ചൈനീസ് കടന്നുകയറ്റം ഉണ്ടായിരിക്കുന്നു. സിക്കിമിലെ ഇന്ത്യ ചൈനാ അതിര്‍ത്തിയിലും ബംഗാള്‍ അതിര്‍ത്തിയിലുമൊക്കെ കയ്യേറ്റം ഉണ്ടായിട്ടുണ്ട്.

ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലാണ് ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ മുഴുവന്‍ ചൈനീസ് പട്ടാളത്തിന്‍റെ ഭീഷണി. 1962-ന് സമാനമായ അന്തരീക്ഷമാണ് അതിര്‍ത്തിയില്‍ നിലനില്‍ക്കുന്നത്. കൈയ്യേറിയ ഒരു പ്രദേശത്തുനിന്നും ചൈന പിന്നോട്ട് പോയിട്ടില്ല. അതിര്‍ത്തിയിലെ ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നതിന് സൈന്യത്തിന് കൂടുതല്‍ യുദ്ധസമാഗ്രികള്‍ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധ ബജറ്റ് ഗണ്യമായി വര്‍ദ്ധിപ്പിക്കണമെന്ന് ഇന്ത്യന്‍ സൈന്യം പല പ്രാവശ്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജി.ഡി.പിയുടെ മൂന്ന് ശതമാനമെങ്കിലും പ്രതിരോധ മേഖലയ്ക്കായി നീക്കിവയ്ക്കണമെന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ ആവശ്യം അംഗീകരിക്കുന്നവരാണ്. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രതിരോധ ബജറ്റ് കാര്യമായി വര്‍ദ്ധിപ്പിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ തുച്ഛമായ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇത് നിര്‍ഭാഗ്യമാതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.