കൊവിഡിന്‍റെ പേരില്‍ പ്രവാസികളെ ഒറ്റപ്പെടുത്താനുള്ള ശ്രമം നിര്‍ഭാഗ്യകരം: എ.കെ ആന്‍റണി

Jaihind News Bureau
Tuesday, March 31, 2020

 

ലോകത്തിലെ എല്ലാരാജ്യങ്ങളിലും പടര്‍ന്ന് പിടിച്ചിരിക്കുന്ന കോവിഡെന്ന മഹാമാരിയുടെ പേരില്‍ പ്രവാസികളെ ഒറ്റപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി എം.പി. നാടിന് വേണ്ടി കഷ്ടപ്പെടുന്ന പ്രവാസികളെ വേദനിപ്പിക്കുന്ന കമന്‍റുകള്‍ ദയവു ചെയ്ത് നിര്‍ത്തണമെന്നും അവര്‍ക്ക് കൂടി ധാര്‍മ്മിക പിന്തുണ നല്‍കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തിലെ വികസിത രാജ്യങ്ങളായ അമേരിക്കയും ചൈനയും അടക്കം എല്ലാ രാജ്യങ്ങളെയും കൊവിഡ് 19 എന്ന മഹാമാരി ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ കൊവിഡ് പരക്കാന്‍ കാരണം പ്രവാസികളാണെന്ന തരത്തില്‍, അവരെ പരുക്കനായി ആക്ഷേപിക്കുന്ന പ്രവണത കാണുന്നു.

കേരളത്തിന് ഒരിക്കലും പ്രവാസികളെ മറക്കാന്‍ സാധ്യമല്ല. കേരളം എപ്പോഴെല്ലാം പ്രയാസപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം കേരളത്തെ കൈയ്യഴിഞ്ഞ് സഹായിച്ചത് ലോകമാസകലമുള്ള രാജ്യങ്ങളുടെ പോയി പണിയെടുത്ത് കഷ്ടപ്പെട്ട് പണം സമ്പാദിക്കുന്ന പ്രവാസികളാണ്. ഇക്കഴിഞ്ഞ പ്രളയകാലത്ത് പ്രവാസികള്‍ നല്‍കിയ സഹായം ആര്‍ക്കും മറക്കാന്‍ സാധ്യമല്ല.

കേരളത്തില്‍ നടക്കുന്ന എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റാരെക്കാളും മുമ്പില്‍ പ്രവാസികളാണ്. പ്രവാസികളായിട്ടുള്ള ലക്ഷോപലക്ഷം മലയാളികള്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം അയക്കുന്നത് കൊണ്ടാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയില്ലാതെ കഴിയുന്നത്. ആയിരക്കണക്കിന് മൈലുകള്‍ അകലെ കഴിഞ്ഞിട്ടും സ്വന്തം നാട്ടിലെ സഹോദരങ്ങള്‍ക്കുണ്ടാകുന്ന എല്ലാ ദുരിതങ്ങളിലും കഷ്ടപ്പാടുകളിലും കൈയഴിഞ്ഞ് സഹായിക്കുന്ന പ്രവാസികളെ പരിഹസിക്കാന്‍ ബോധപൂര്‍വമുള്ള ശ്രമം നടക്കുന്നതായാണ് തോന്നുന്നത്. ഇത് ഒട്ടും ശരിയല്ല, നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്നും എ.കെ ആന്‍റണി പറഞ്ഞു.

https://www.youtube.com/watch?v=j9MMZw4mA6Y