ബാങ്കിങ് പ്രതിസന്ധി: രാജ്യത്തെ രക്ഷപ്പെടുത്താനറിയാത്ത ധനമന്ത്രി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നു; കേന്ദ്രസര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് മന്‍മോഹന്‍സിങ്‌

Jaihind Webdesk
Thursday, October 17, 2019

ന്യൂഡല്‍ഹി: രാജ്യത്ത് നില നില്‍ക്കുന്ന ബാങ്കിങ് പ്രതിസന്ധിയ്ക്ക് കാരണം മന്‍മോഹന്‍സിങും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുമാണെന്ന ധനമന്ത്രി നിര്‍മ്മല സീതാറാമിന്റെ ആരോപണത്തിനെതിരെ മറുപടിയുമായി മന്‍മോഹന്‍സിങ്. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പദ്ധതികള്‍ രൂപീകരിക്കാതെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനുള്ള തിടുക്കത്തിലാണ് ധനമന്ത്രിയെന്ന് മന്‍മോഹന്‍സിങ് ചൂണ്ടിക്കാട്ടി. പ്രതിസന്ധിക്ക് പരിഹാരം കാണാതെ അതിന്റെ ഉത്തരവാദിത്തം എതിരാളികളുടെ തലയില്‍ കെട്ടിവെക്കാനാണ് നിര്‍മല ശ്രമിക്കുന്നതെന്ന് മന്‍മോഹന്‍ കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇനിയും സര്‍ക്കാറിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങള്‍ക്ക് ഗുണകരമാവുന്ന നയങ്ങള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാറിന് മടിയുണ്ട്. തൊഴിലില്ലായ്മക്ക് ഒരു പരിഹാരവും കാണാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. വ്യവസായങ്ങള്‍ വളരാന്‍ അവസരം നല്‍കുകയാണ് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാജ്യത്ത് മൂന്നില്‍ ഒരാള്‍ തൊഴില്‍ രഹിതനാണെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു. പി.എം.സി ബാങ്കിലെ നിക്ഷേപകര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഇന്ന് നില നില്‍ക്കുന്ന ബാങ്കിങ് പ്രതിസന്ധിക്ക് കാരണം മന്‍മോഹനും രഘുറാം രാജനുമാണെന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.