കുട്ടനാട്ടിലെ ദുരിതക്കാഴ്ചകള്‍…

Jaihind News Bureau
Friday, August 17, 2018

പ്രളയം രൂക്ഷമായ കുട്ടനാട് മേഖലയിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്ന ദയനീയമായ അവസ്ഥ വെള്ളപ്പൊക്ക ദുരിതത്തിന്റെ നേർക്കാഴ്ചയായിരുന്നു.
കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറ് കണക്കിന് കുടുംബങ്ങളാണ് സുരക്ഷിത മേഖലയിലേക്ക് രക്ഷപ്പെട്ടത്. എന്നാൽ ആവശ്യത്തിന് ബോട്ട് സർവീസ് ഇല്ലാതിരുന്നത് വലിയ പ്രതിഷേധത്തിനും വഴിയൊരുക്കി.

ഒരു മാസത്തിനിടയിൽ മൂന്നാമതും വെള്ളത്തിന്റെ കുത്തൊഴുക്കിൽ പെട്ട് കുട്ടനാട് അക്ഷരാർഥത്തിൽ മുങ്ങി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് കുട്ടനാട്ടിലെ ജനങ്ങളെ മുഴുവൻ മാറ്റി പാർപ്പിക്കാൻ ദുരന്തനിവാരണ അതോറിട്ടിയും ജില്ലാ ഭരണകൂടവും തീരുമാനിച്ചിരുന്നു.

ജനങ്ങൾ സ്വമേധയാ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറുകയോ രക്ഷപ്രവർത്തകരുടെ നിർദേശങ്ങൾ സ്വീകരിക്കുകയോ വേണമെന്ന് ജില്ലാ ഭരണകൂടം  മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞ് പോവുകയായിരുന്നു. അത്യാവശ്യ സാധനങ്ങൾ മാത്രം എടുത്ത് കൈക്കുഞ്ഞുങ്ങളുമൊക്കെയായി നിരവധി കുടുംബങ്ങളാണ് ജീവൻ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ചത്.

എന്നാൽ ആവശ്യത്തിന് ബോട്ടുകളോ മറ്റ് സംവിധാനങ്ങളോ ഇല്ലാതെ പല സ്ഥലങ്ങളിലും ജനങ്ങൾ വലഞ്ഞു. പുളിങ്കുന്ന് മേഖലയിൽ മണിക്കൂറുകൾ കാത്തുനിന്നാണ് ആളുകള്‍ ബോട്ടുകളിൽ കയറിപ്പറ്റിയത്.

ബോട്ടിന്റെ പരിധിയുടെ ഇരട്ടിയിലേറെ ജനങ്ങൾ. കൈക്കുഞ്ഞുങ്ങളുമായി ബോട്ടുകളിൽ കയറിപ്പറ്റാൻ ക്ലേശം അനുഭവിക്കുന്ന കാഴ്ചയാണ് എവിടെയും ദൃശ്യമായത്.
വീടുകളിൽ നിന്നും ഇറങ്ങിയ പല കുടുംബങ്ങൾക്കും മറുകരയിലെത്താനാകാത്ത സ്ഥിതിയും സംജാതമായി.

ബോട്ട് കിട്ടാതെ പലരും വലിയ തുക നൽകി സ്വകാര്യ ബോട്ടുകളെയും ആശ്രയിച്ചു.
കൂടുതൽ ബോട്ടുകളും, ഹൗസ് ബോട്ടുകളും യാത്രക്കായി സജ്ജമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.