ലോക് ഡൗൺ : വാഹനങ്ങൾ ലഭ്യമല്ല… കുട്ടനാട്ടിൽ നെല്ല് സംഭരണം നിലച്ചു

Jaihind News Bureau
Wednesday, March 25, 2020

സംസ്ഥാന സർക്കാർ ലോക് ഡൗൺ നിയന്ത്രണം കടുപ്പിച്ചതോടെ കുട്ടനാട്ടിൽ നെല്ല് സംഭരണം നിലച്ചു. പുഞ്ചകൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ നിന്ന് നെല്ല് സംഭരിക്കാൻ ലോറികൾ എത്തുന്നില്ല . പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്.

സപ്ലൈകോയുടെ മേൽനോട്ടത്തിലാണ് സ്വകാര്യ മില്ലുടകൾ നെല്ല് സംഭരിക്കുന്നത്. എന്നാല്‍ വാഹനങ്ങൾ ലഭ്യമല്ലാത്തതിനാൽ നെല്ല് സംഭരണം നിലയ്ക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു.  നെല്ല് സംഭരണ വിഷയം പരിഹരിക്കാന്‍ നാളെ ഉന്നതല യോഗം ചേരും. ആലപ്പുഴയില്‍ നടക്കുന്ന യോഗത്തില്‍ കൃഷി മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

കാവാലം, വെളിയനാട് , ചമ്പക്കുളം, കണ്ടങ്കേരി തുടങ്ങിയ മേഖലകളിലാണ് കൊയ്തു കൂട്ടിയ നെല്ല് പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം മില്ലുടമകള്‍ ലോറി അയക്കുന്നില്ല. ഇതേ തുടര്‍ന്നാണ് നെല്ല് സംഭരണം പൂര്‍ണ്ണമായും നിലച്ചത്. കൂടുതല്‍ സമയം നെല്ല് കൂട്ടിയിട്ടാല്‍ തൂക്കം കുറയാന്‍ ഇടയാക്കും. വേനല്‍ മഴയും ആശങ്കകള്‍ സൃഷ്ടിക്കുന്നു. സാമ്പത്തിക പ്രതിന്ധിയും രൂക്ഷമാണ്.  രണ്ട് പ്രളയത്തില്‍ നിന്നും കരകയറി വരുന്ന കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ലോക്ക് ഡൗണ്‍ നിയന്ത്രണം അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടടിയായിരിക്കുകയാണ്.