കവളപ്പാറ ദുരന്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു മാസം കഴിഞ്ഞിട്ടും സഹായധനം ലഭിച്ചില്ല; രേഖ മാത്രം കൈമാറി മന്ത്രി പോയി പിന്നെ അറിവില്ല

Jaihind Webdesk
Saturday, September 14, 2019

ഒരുഭാഗത്ത് കോടികള്‍ മുടക്കി സര്‍ക്കാര്‍ ഓണാഘോഷം പൊടിപൊടിക്കുമ്പോള്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം കഴിഞ്ഞ് ഒരു മാസവും ഒരാഴ്ച്ചയും കഴിഞ്ഞിട്ടും മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം വിതരണം നടന്നിട്ടില്ല. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ലക്ഷം രൂപയുടെ സഹായമാണ് ഇതുവരെ ലഭിക്കാത്തത്. എന്നാല്‍, വയനാട് പുത്തുമല ദുരന്തത്തില്‍ മരിച്ചവരില്‍ ചിലരുടെ കുടുംബത്തിന് ധനസഹായം നാല് ലക്ഷം ലഭിച്ചിട്ടുണ്ട്. കവളപ്പാറയില്‍ മൃതദേഹങ്ങള്‍ കിട്ടിയ 48 പേരില്‍ 35 പേരുടെയും അവകാശികളെ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും ഈ കാലതാമസം എന്തെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നില്ല. ആഗസ്റ്റ് എട്ടിന് പോത്തുകല്ല് ദുരിതാശ്വാസ ക്യാമ്പില്‍ നടന്ന ചടങ്ങില്‍ ഇവര്‍ക്ക് സഹായധനം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, സഹായധനം അനുവദിച്ചതു സംബന്ധിച്ച രേഖയുടെ കൈമാറല്‍ മാത്രമാണു നടന്നത്. പണം ഉടന്‍ അക്കൗണ്ടിലെത്തുമെന്നാണ് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയത്. എന്നാല്‍, ആരുടെയും അക്കൗണ്ടില്‍ ഇതുവരെ പണമെത്തിയിട്ടില്ലെന്നാണ് പറയുന്നത്. പ്രളയത്തില്‍ വീടുകള്‍ ഉള്‍പ്പെടെ തകര്‍ന്ന് നാശനഷ്ടം സംഭവിച്ചവര്‍ക്കും സഹായധനം കിട്ടിയില്ല.

പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ 17 പേരാണു മരിച്ചത്. ഇവരില്‍ 5 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ ദുരന്തബാധിതര്‍ക്കുള്ള സര്‍ക്കാരിന്റെ അടിയന്തര ധനസഹായം വൈകുന്നതായി ആക്ഷേപമുണ്ട്. ഒരുമാസം പിന്നിട്ടിട്ടും 40 ശതമാനം പേര്‍ക്കു മാത്രമാണു ധനസഹായമായ 10,000 രൂപ ലഭിച്ചത്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് 22 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണു ഔദ്യോഗിക കണക്ക്. അക്കൗണ്ട് വിവരങ്ങളും ആധാര്‍ നമ്പറുകളും ലഭിക്കാന്‍ വൈകിയതാണ് സഹായവിതരണം നീളാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കൂടുതല്‍ പേര്‍ ക്യാംപുകളിലുണ്ടായിരുന്നതിനാല്‍ അര്‍ഹരെ കണ്ടെത്തുന്നതില്‍ കാലതാമസം നേരിട്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ ധനസഹായ വിതരണം പൂര്‍ത്തിയാക്കും.