കനത്ത മഴയില്‍ വ്യാപക നാശം; കോഴിക്കോട് ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടല്‍

Jaihind News Bureau
Wednesday, June 13, 2018

കോഴിക്കോട് ആനക്കാംപൊയിലിൽ ഉരുൾപൊട്ടൽ. ശക്തമായ മലവെള്ള പാച്ചിലിനെ തുടർന്ന് 17 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ യു.വി ജോസ് അവധി പ്രഖ്യാപിച്ചു.

കനത്ത മഴയെ തുടർന്നാണ് കോഴിക്കോട് ആനക്കാംപൊയിലിൽ ഉരുൾപൊട്ടൽ ഉണ്ടായത്. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. 17 കുടുംബങ്ങളെ പ്രദേശത്തുനിന്ന് മാറ്റി പാർപ്പിച്ചു. പുല്ലൂരാംപാറയിൽ 11 വീട്ടുകാരെ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലേക്കും ബന്ധുവീടുകളിലേക്കും നൂറാംതോട്ടിൽ ആറ് കുടുംബങ്ങളെ എ.എം.എൽ.പി സ്‌കൂളിലേക്കുമാണ് മാറ്റിപാർപ്പിച്ചത്.

ശക്തമായ മഴയെ തുടര്‍ന്ന് വനത്തിൽ ഉരുൾപൊട്ടലുണ്ടായതായാണ് സംശയിക്കുന്നത്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ യു.വി ജോസ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, എൽ.പി, യു.പി, ഹൈസ്‌കൂള്‍, ഹയർ സെക്കന്‍ററി വിദ്യാലയങ്ങൾക്കാണ് അവധി.