എൻപിആർ നടപ്പാക്കാനുള്ള കേരള സർക്കാരിന്‍റെ ശ്രമത്തിനെതിരെ കോഴിക്കോട് ജില്ലയിൽ വ്യാപക പ്രതിഷേധം

Jaihind News Bureau
Thursday, January 30, 2020

എൻപിആർ നടപ്പാക്കാനുള്ള കേരള സർക്കാരിന്‍റെ ശ്രമത്തിനെതിരെ കോഴിക്കോട് ജില്ലയിൽ വ്യാപക പ്രതിഷേധം. കൊടുവള്ളിയിലും രാമനാട്ടുകരയിലും ജനങ്ങൾ നഗരസഭ ഉപരോധിച്ചു. എൻ പിആറുമായി ബന്ധപ്പെട്ട നടപടികൾ പൂർണമായും നിർത്തി വെച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് അധ്യാപകരെ ചുമതലപെടുത്താൻ നഗരസഭകൾക്ക് ഉത്തരവ് ലഭിച്ചിരിക്കുന്നത്.

ദേശീയ ജനസംഖ്യ കണക്കെടുപ്പിനു അധ്യാപകരെ വിട്ടു നൽകണമെന്നാവശ്യപെട്ട് സെൻസെസ് ഡയറക്ടറേറ്റിൽ നിന്നും നഗരസഭക്ക് നോട്ടീസ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്. നിലവിൽ കൊടുവള്ളി, രാമനാട്ടുകര നഗരസഭകൾക്കു ലഭിച്ചിരിക്കുന്ന നോട്ടീസിന്മേൽ യോഗം ചേരാനായി അധ്യാപകരെ അറിയിച്ചതോടെയാണ് നഗരസഭകൾക്ക് മുന്നിൽ ഉപരോധം തീർത്തു ജനങ്ങൾ പ്രതിഷേധിച്ചത്. നേരത്തെ എൻപിആർ നടപ്പാക്കുന്നതുമായി ബന്ധപെട്ടു സർക്കാർ നൽകിയ ഉത്തരവിൽ താമരശ്ശേരി തഹസിൽദാർ ഒരു കുറിപ്പ് നൽകിയത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെ മഞ്ചേരി നഗരസഭയിലും ശേഷം രാമനാട്ടുകരയിലും കൊടുവള്ളിയിലും ഉത്തരവ് നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

2021 സെൻസെസ് പ്രവർത്തനങ്ങൾക്കു ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ വിവരങ്ങൾ പ്രത്യേകം തയ്യാറാക്കി നൽകണമെന്നാണ് ആവശ്യപ്പെട്ടത്.

കത്തിനോടൊപ്പം അയച്ച കേന്ദ്ര സർക്കാർ ഉത്തരവിൽ 2020ലെ എൻപിആർ പുതുക്കുന്നതിന് ഭാഗമായാണ് ഇതെന്നും പരാമർശിച്ചിരുന്നു. കേരളത്തിൽ എൻപിആറുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ എല്ലാം നിർത്തി വെച്ചു എന്ന് മുഖ്യമന്ത്രിയുടെ ഉറപ്പു ലഭിച്ച ശേഷമാണ് തുടർ നടപടി എന്നതും ശ്രദ്ധേയമാണ്.