കോവിഡ്-19 : കോഴിക്കോട് ജില്ലയില്‍ 4,158 പേർ നിരീക്ഷണത്തില്‍ ; 14 പേർ ഐസൊലേഷനില്‍

Jaihind News Bureau
Wednesday, March 18, 2020

കോഴിക്കോട് : കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പുതുതായി 929 പേര്‍ ഉൾപ്പെടെ ആകെ 4,158 പേര്‍ നിരീക്ഷണത്തിലുണ്ട്. അതേസമയം കോവിഡ്-19 സ്ഥിരീകരിച്ച മാഹി സ്വദേശി കോഴിക്കോട് എത്തിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ മത നേതാക്കളുടെ യോഗം ഇന്ന് ചേരും.

കോവിഡ്-19 ലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആറ് പേരും ബീച്ച് ആശുപത്രിയില്‍ എട്ട് പേരും ഉള്‍പ്പെടെ ആകെ 14 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിൽ ഉണ്ട്. ഇന്നലെ മെഡിക്കല്‍ കോളേജില്‍ നിന്ന് നാല് പേരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. പത്ത് സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 110 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 96 എണ്ണത്തിന്‍റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. പരിശോധയ്ക്ക് അയച്ച 14 പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു.

അതേസമയം കോവഡ്-19 സ്ഥിരീകരിച്ച മാഹി സ്വദേശി കോഴിക്കോട് എത്തിയ സാഹചര്യത്തിൽ
ജില്ലയിലെ മത നേതാക്കളുടെ യോഗം ഇന്ന് ചേരും. ജില്ലാ കളക്ടറുടെ ചേംബറിൽ ആണ് യോഗം ചേരുന്നത്. കോവിഡ്-19 രോഗ വ്യാപനവുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികൾ സംബന്ധിച്ച് മുഖ്യമന്ത്രി മത സാമുദായിക സംഘടനാ നേതാക്കളുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കും. മാഹി സ്വദേശി സഞ്ചരിച്ച മാർച്ച് 13 ന് ഇത്തിഹാദ് എയർവേയ്സ് EY 250 യിൽ പുലർച്ചെ 3.20 അബുദാബിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ജില്ലയിലെ യാത്രക്കാർ ജില്ലാ കൺട്രോൾ റൂമുമായി ഉടൻതന്നെ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. ഈ ഫ്ലൈറ്റിലെ യാത്രക്കാർ കർശനമായും വീടുകളിൽ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂർണമായി ഒഴിവാക്കണമെന്നും കർശനമായി നിർദേശിച്ചിട്ടുണ്ട്.