ഓര്‍മയില്‍ ഒരേയൊരു ലീഡര്‍…

Jaihind News Bureau
Thursday, July 5, 2018

ലീഡർ കെ കരുണാകരന്‍റെ ജൻമശതാബ്ദിയാണിന്ന്. ആധുനിക കേരളത്തിന് പുതിയ വികസന ദിശാബോധം നൽകിയ ജനനേതാവിന്‍റെ സ്മരണകളിലാണ് നാടും നാട്ടുകാരും.

ലീഡറോർമകളുടെ മഴയിൽ നനയുകയാണ് കേരളം. സ്മരണകളുടെ നെരിപ്പോടിന് ചുറ്റും തീ കായുവാനിരിക്കുമ്പോൾ ഒരു കാലഘട്ടത്തിന്‍റെ കടലിരമ്പം കേൾക്കാം. സാർഥകമായ സുരഭില ജീവിതത്തിന്‍റെ നിറഭേദങ്ങൾ കാണാം.

ചിത്രകാരനായിരുന്നു കെ കരുണാകരൻ. എന്നാൽ ജന മനസിന്‍റെ എഞ്ചിനീയറിംഗ് വശമുള്ള ഒരു മാജിക്കുകാരൻ കൂടിയായിരുന്നു അദ്ദേഹം. സുദീർഘമായ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം എത്രയോ അദ്ഭുതങ്ങൾ കാട്ടിയിരിക്കുന്നു. ശൂന്യമായ ക്യാൻവാസിൽ ചിലതൊക്കെ കോറിയിടുമ്പോൾ തെളിയുന്നത് എതിരാളികൾ പോലും അമ്പരക്കുന്ന ചിത്രമിഴിവ്. ചിലരുടെ തലവര തന്നെ മാറ്റി മറിയ്ക്കും ആ രാഷ്ട്രീയ വരകൾ. അപ്പോഴും കണ്ണിറുക്കിയുള്ള ചിരിയിലൂടെ വീണ്ടും വിസ്മയിപ്പിക്കും കെ.കരുണാകരൻ. അതുകൊണ്ടാകാം തിരഞ്ഞെടുപ്പുകളിൽ ആര് ജയിച്ചാലും ലീഡ് ചെയ്യുക ലീഡറുടെ വാക്കുകളായിരിക്കും.

കണ്ണൂർ ചിറക്കൽ തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി മാരസ്യാരുടെയും മകനായി 1918 ജൂലെ 5 നായിരുന്നു കരുണാകരന്‍റെ ജനനം. കണ്ണിൽ വെള്ളം നിറയുന്ന രോഗം മൂലം എട്ടാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. പിന്നീട് പത്താം ക്ലാസ് വരെ പഠിച്ചെങ്കിലും പരീക്ഷ എഴുതാനായില്ല. അതിനുശേഷമാണ് ചിത്രകല അഭ്യസിക്കാനായി തൃശൂരിലേക്ക് പോയത്. കെ.കരുണാകരൻ എന്ന രാഷ്ട്രീയ നേതാവ് ഉരുവം കൊണ്ട, രൂപവും ഭാവവും നേടിയ തട്ടകമായി തൃശൂർ മാറി.

1936 ൽ കോൺഗ്രസ് അംഗമായ കരുണാകരന്‍റെ പ്രവർത്തനരംഗം തൊഴിലാളി പ്രസ്ഥാനമായിരുന്നു. 1942 ൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. 1945 ൽ തൃശൂർ മുനിസിപ്പൽ കൗൺസിലറായാണ് ആദ്യ തിരഞ്ഞെടുപ്പ് ജയം. ഐഎൻടിയുസിയുടെ പ്രഥമ ജനറൽ സെക്രട്ടറിയായ അദ്ദേഹം 1960 ൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റുമായി. 1969 ൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി.

ആറു പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന ലീഡർ 1977 മുതൽ വിവിധ കാലങ്ങളിലായി നാലു തവണ മുഖ്യമന്ത്രിയും ഒരു തവണ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയുമായി. 1965 ൽ മാളയിൽ നിന്നാണ് ആദ്യമായി നിയമസഭയിൽ എത്തിയത്. അതിന് മുൻപ് 1948 ൽ ഒല്ലൂക്കരയിൽ നിന്ന് പ്രജാ മണ്ഡലത്തിലേക്കും 1954 ൽ മണലൂരിൽ നിന്ന് തിരു-കൊച്ചി നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996ലെ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ തൃശൂരിൽ വി.വി.രാഘവനോട് തോറ്റതാണ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രധാന തോൽവി.

ആധുനിക കേരളത്തിന് തന്‍റെ ഭരണമികവ് കൊണ്ട് മുദ്ര ചാർത്തിയ നേതാവായിരുന്നു കെ.കരുണാകരൻ. പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളുടെ ജീവിതത്തിൽ ഏറ്റവും അധികം മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. സ്‌പെഷ്യൽ റിക്രൂട്ട്‌മെന്‍റിലൂടെ നിരവധി പേർ സർക്കാർ സർവീസിലേക്ക് കടന്നു വന്നു. നെടുമ്പാശേരി വിമാനത്താവളം, കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം, ഗോശ്രീ പാലം, ടെക്‌നോ പാർക്ക് തുടങ്ങി ഇന്ന് കേരളത്തിന്‍റെ അഭിമാന സ്തംഭങ്ങിലെല്ലാം ദീർഘ വീക്ഷണമുള്ള ആ ഭരണാധികാരിയുടെ സ്വപ്നങ്ങളുടെ പൂർണിമ കാണാം. കരുത്തനായ ലീഡറിലെ ആഭ്യന്തരമന്ത്രിയെ എഴുപതുകളിൽ കേരളം കണ്ടു. വിമർശനങ്ങൾ ഏറെ കേട്ടെങ്കിലും നക്‌സലിസത്തിനെതിരെ അദ്ദേഹം സ്വീകരിച്ച നടപടികൾ വിട്ടുവീഴ്ചയില്ലാത്തതായിരുന്നു.

ഇന്ത്യയിലെ മുന്നണി രാഷ്ട്രീയത്തിന്‍റെ ആചാര്യനാണ് കെ.കരുണാകരൻ. വ്യത്യസ്ത വീക്ഷണങ്ങളുള്ള പാർട്ടികളെ ഒരുമിച്ച് ചേർത്ത് ഒരു മുന്നണിയുണ്ടാക്കി കാറ്റും കോളും നിറഞ്ഞ രാഷ്ട്രീയ കാലാവസ്ഥയിലും ഭരണയാനം തുഴഞ്ഞ് മറുകരയെത്തിക്കുന്ന ലീഡറുടെ മികവ് ഏതൊരു രാഷ്ട്രീയ വിദ്യാർത്ഥിക്കും മികച്ച ഒരു പാഠപുസ്തകമാണ്. കാലം ഇനിയും കലണ്ടർ താളുകളെ ചവറ്റുകുട്ടയിലെറിയും. ഋതുഭേദങ്ങളൊക്കെ പതിവ് തെറ്റിക്കും. പക്ഷേ, ലീഡർ മാത്രം ഏഴഴകോടെ ജനഹൃദയങ്ങളിൽ ജീവിക്കും.

https://www.youtube.com/watch?v=QBcBfOmHuiw