പ്രളയദുരന്തത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറന്നു

Jaihind News Bureau
Wednesday, August 29, 2018

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറന്നു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ അധ്യയനം ആരംഭിച്ചിട്ടില്ല. പ്രളയക്കെടുതിയെ തുടർന്ന് ഓണപ്പരീക്ഷ മാറ്റിവെച്ചു.

സംസ്ഥാനത്ത് കനത്ത മഴ മൂലം ഉണ്ടായ പ്രളയക്കെടുതിയെ തുടർന്ന് ആഗസ്റ്റ് 19 ന് ആണ് സംസ്ഥാനത്തെ സ്‌കൂളുകൾ അടച്ചത്. നിരവധി സ്‌കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്നു. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരുന്നു. ഇതേത്തുടർന്നാണ് സ്‌കൂളുകൾ അടച്ചത്. 10 ദിവസത്തെ അവധിക്ക് ശേഷം ഇന്ന് സംസ്ഥാനത്തെ സ്‌കൂളുകളും അംഗന്‍വാടികളും തുറന്നു.

211 സ്‌കൂളുകൾ ഓണം അവധിക്ക് ശേഷം ഇന്ന് തുറന്നില്ല. ദുരിതാശ്വാസ ക്യാമ്പുകൾക്ക് പകരം സ്ഥലം കണ്ടെത്താൻ കഴിയാത്ത പ്രദേശങ്ങളിലെ സ്‌കൂളുകളിലാണ് ഇന്ന് അധ്യായനം തുടങ്ങാൻ കഴിയാതെ വന്നത്.

പ്രളയദുരന്തത്തിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങളുടെ വിതരണം രണ്ടാഴ്ചക്കകം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചിട്ടുണ്ട്. 36 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സെപ്റ്റംബർ മൂന്നിനകം സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളും തുറക്കുമെന്നും സ്‌കൂൾ കലണ്ടർ പുനഃക്രമീകരിക്കുന്നതിൽ തീരുമാനം പിന്നീടെന്നും മന്ത്രി വ്യക്തമാക്കി.