ജമ്മു-കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Jaihind News Bureau
Friday, June 15, 2018

കൊല്ലപ്പെട്ട റൈഫിള്‍മാന്‍ ഔറംഗസേബ് (ANI)

44 രാഷ്ട്രീയ റൈഫിൾസിലെ റൈഫിൾമാൻ ഔറംഗസേബ് ആണ് കൊല്ലപ്പെട്ടത്. പെരുന്നാളിന് വീട്ടിലേക്ക് തിരിച്ച ഔറംഗസേബിനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കകമാണ് തലയിലും കഴുത്തിലും വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

പൂഞ്ചിലെ വീട്ടിലേക്ക് പോകുന്നതിനായി ഇന്നലെ രാവിലെ ഒൻപതിന് ഷാദി മാർഗിൽനിന്ന് അതുവഴിവന്ന സ്വകാര്യ കാറിൽ ഷോപിയാനിലേക്ക് പുറപ്പെട്ടതായിരുന്നു. വാഹനം കലംപോര എത്തിയപ്പോൾ ഭീകരർ തടയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

തുടർന്ന് സൈന്യവും പൊലീസും ചേർന്നു നടത്തിയ അന്വേഷണത്തിൽ പത്ത് കിലോമീറ്റർ അകലെ പുല്ഗു‍വാമയിലെ ഗുസു ഗ്രാമത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഏപ്രിൽ 30ന് ഹിസ്ബുള്‍ ഭീകരൻ സമീർ ടൈഗറിനെ ഏറ്റുമുട്ടലിൽ വകവരുത്തിയ സംഘത്തിൽ ഔറംഗസേബ് ഉണ്ടായിരുന്നു.

അതിനിടെ ബന്ദിപ്പോരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികൻ വീരമൃത്യു വരിച്ചു. രണ്ട് ഭീകരർ കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ പനാർ വനമേഖലയിൽ ആറാം ദിവസവും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പുൽവാമയിലെ ഗംഗൂവിൽ സി.ആർ.പി.എഫ് പൊലീസ് ചെക്‌പോയിന്റിന് നേരെ ഇന്നലെ രാവിലെ ഭീകരർ വെടിയുതിർത്തെങ്കിലും ആളപായമില്ല.