ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. സുപ്രീം കോടതി പരിഗണിച്ച രണ്ട് ഹേബിയസ് കോർപ്പസ് ഹർജികളിലും ഹർജിക്കാർക്ക് അനുകൂല വിധി. ജമ്മുവിലെത്തി മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാൻ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനുമതി നല്‍കി. കേന്ദ്രസര്‍ക്കാരിന്‍റെ എതിര്‍പ്പ് തള്ളിയാണ് യെച്ചൂരിക്ക് കോടതി സന്ദര്‍ശനാനുമതി നല്‍കിയത്. മറ്റൊരു ഹർജിക്കാരനായ വിദ്യാർഥി മുഹമ്മദ് ആലിം സയിദിന് മാതാപിതാക്കളെ കാണാനും കോടതി അനുമതി നല്‍കി. കശ്മീരിലെ മാധ്യമനിയന്ത്രണത്തില്‍ കേന്ദ്രത്തിന് നോട്ടീസ്.

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമുതല്‍ വീട്ടുതടങ്കലിലാണ് സി.പി.എം എം.എല്‍.എയായ തരിഗാമി. രാജ്യത്തെ ഒരു പൗരന് സഹപ്രവർത്തകനെ കാണാനുള്ള അവകാശം തടയാനാകില്ല എന്ന് ഈ സാഹചര്യത്തിലാണ് യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹർജി പരിഗണിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. താരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ വേണ്ടി മാത്രമാണ് സന്ദര്‍ശനാനുമതി.

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടു. അതേസമയം കശ്മീരിലെ മാധ്യമനിയന്ത്രണം സംബന്ധിച്ച് കേന്ദ്രം വിശദീകരണം നല്‍കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനും സംസ്ഥാനത്തിനും  സുപ്രീം കോടതി  നോട്ടീസ് അയച്ചു.