‘ഒരു ജനതയുടെ മുഴുവന്‍ അവകാശങ്ങളും അടിച്ചമർത്തുന്നതിലും വലിയ ദേശവിരുദ്ധത വേറെയില്ല’ : കേന്ദ്ര സര്‍ക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Sunday, August 25, 2019

കശ്മീർ വിഷയം രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കശ്മീര്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്നതിനേക്കാള്‍ വലിയ ദേശവിരുദ്ധതയോ രാഷ്ട്രീയമോ ഇല്ലെന്ന് പ്രിയങ്കാ ഗാന്ധി തിരിച്ചടിച്ചു.

കേന്ദ്ര സർക്കാരിന്‍റെ ജനാധിപത്യ ധ്വംസനത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അത് ശക്തമായി തുടരുമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

‘ കശ്മീര്‍ ജനതയുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും നിഷേധിക്കുന്നതിനേക്കാള്‍ വലിയ രാഷ്ട്രീയ, ദേശവിരുദ്ധതയൊന്നും ഇല്ല. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും കടമയാണ്. അത് ശക്തമായി തുടരുക തന്നെ ചെയ്യും’ – പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും സംഘത്തേയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങവേ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന കശ്മീരി സ്ത്രീ രാഹുല്‍ ഗാന്ധിയോട് കശ്മീരിലെ അവസ്ഥ വിവരിച്ച് പൊട്ടിക്കരഞ്ഞിരുന്നു. ഈ വീഡിയോയും പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചു.

‘ഇത് എത്രനാള്‍ തുടരും? ദേശീയത എന്ന പേരില്‍ നിശബ്ദരാക്കുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകളില്‍ ഒരാളാണിത്. പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുന്ന എന്ന് ആരോപിക്കുന്നവര്‍ക്കുള്ള മറുപടിയാണീ ദൃശ്യം’ –  എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.