കശ്മീരില്‍ മാധ്യമങ്ങള്‍ വെന്‍റിലേറ്ററില്‍ ; സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നു, മാധ്യമപ്രവര്‍ത്തകർ വീട്ടുതടങ്കലില്‍ : കശ്മീർ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിന്‍

Jaihind News Bureau
Wednesday, December 11, 2019

തൃശൂര്‍ : കേന്ദ്ര സർക്കാർ അവകാശപ്പെടുന്നതുപോലെയല്ല കശ്മീരിലെ യഥാര്‍ത്ഥ അവസ്ഥയെന്ന് തുറന്നുപറഞ്ഞ് കശ്മീര്‍ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിന്‍. ആശയവിനിമയത്തിനുള്ള എല്ലാ മാർഗങ്ങളും പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ വെന്‍റിലേറ്ററിലെ രോഗിയെപ്പോലെ ഊര്‍ധശ്വാസം വലിക്കുകയാണ് കശ്മീരിലെ മാധ്യമങ്ങളെന്നും അവർ പറഞ്ഞു. കെ.യു‌.ഡബ്ല്യു.ജെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കേരള യൂണിയൻ ഫോർ വർക്കിംഗ് ജേർണലിസ്റ്റുകളുമായി സഹകരിച്ച് തൃശൂരില്‍ കേരള മീഡിയ അക്കാദമി ചൊവ്വാഴ്ച സംഘടിപ്പിച്ച ‘കശ്മീരിലെ മാധ്യമ സ്വാതന്ത്ര്യം’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.

‘ഇന്‍റർനെറ്റും സെൽഫോണും ഉൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങൾക്ക് കർശന നിയന്ത്രണമുള്ളതിനാല്‍ കശ്മീരിലെ മാധ്യമ പ്രവർത്തകർ നിശബ്ദരാക്കപ്പെടുകയാണ്. സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് കശ്മീരിലുള്ളത് ‘ – അനുരാധ ഭാസിന്‍ പറഞ്ഞു.

വേഗത തീരെയില്ലാത്ത ഇന്‍റർനെറ്റ് കണക്റ്റിവിറ്റിയുള്ള ആറോ ഏഴോ കമ്പ്യൂട്ടറുകളുള്ള ഒരു സെന്‍റർ മാത്രമാണ് ആശയവിനിമയത്തിനുള്ള ഏക സംവിധാനം. നൂറോളം മാധ്യമപ്രവർത്തകർ അധികൃതരുടെ കർശന നിരീക്ഷണത്തിലാണ് ഈ സംവിധാനം ഉപയോഗിക്കേണ്ടത്.

‘മാധ്യമങ്ങൾക്ക് ഔദ്യോഗിക വിലക്ക് ഇല്ലെന്ന് പറയുമ്പോഴും കശ്മീരിലെ ഭൂരിഭാഗം മാധ്യമപ്രവർത്തകർ വീട്ടുതടങ്കലിലാണുള്ളത്. എഡിറ്റോറിയല്‍ ഇല്ലാതെയാണ് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. പല പത്രങ്ങളും അച്ചടി നിർത്തി. ചിലത് ലഘുലേഖകളായി മാത്രമാണ് പ്രസിദ്ധീകരിക്കുന്നത്. ജീവിക്കാന്‍ മറ്റ് വഴിയില്ലാതെ മാധ്യമപ്രവര്‍ത്തകര്‍ ദിവസക്കൂലിക്ക് മറ്റ് ജോലികള്‍ക്ക് പോകുന്ന അവസ്ഥയാണുള്ളത്. കശ്മീരിലെ മാധ്യമങ്ങള്‍ സ്വേച്ഛാധിപത്യ ഭരണകൂടത്തിന് കീഴടങ്ങുന്ന നിസഹായാവസ്ഥയാണുള്ളത്’ – ഭാസിൻ പറഞ്ഞു.

ഇന്ത്യൻ ജനാധിപത്യം അടിയന്തരാവസ്ഥയിലാണ്. ജനാധിപത്യത്തിന്‍റെ മൂന്ന് തൂണുകളും ദുർബലപ്പെട്ടുകഴിഞ്ഞു. നാലാമത്തെ തൂണായ മാധ്യമങ്ങളെ മെരുക്കാനും നിയന്ത്രിക്കാനും കഴിഞ്ഞു. വിമർശനങ്ങളോട് അസഹിഷ്ണുത പുലർത്തുന്ന ഭരണകൂടം ജനാധിപത്യത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റിയെന്നും അനുരാധ ഭാസിന്‍ കുറ്റപ്പെടുത്തി. കശ്മീരില്‍ സര്‍ക്കാരിന്‍റെ മാധ്യമവിലക്കിനെതിരെ അനുരാധ മുമ്പും രംഗത്തെത്തിയിരുന്നു.