രാഹുല്‍ ഗാന്ധിയും സംഘവും കശ്മീരില്‍ നിന്ന് മടങ്ങിയ വിമാനത്തിന്‍റെ ലാന്‍ഡിംഗ് വൈകിപ്പിച്ചു ; ആശങ്കയുടെ നിമിഷങ്ങള്‍

Jaihind Webdesk
Sunday, August 25, 2019

കശ്മീരില്‍ നിന്ന് രാഹുല്‍ ഗാന്ധിയും നേതാക്കളും ഡല്‍ഹിയിലേക്ക് മടങ്ങിയ വിമാനത്തിന്‍റെ ലാന്‍ഡിംഗ് വൈകിയതിനെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ ആശങ്കയുടെ നിമിഷങ്ങള്‍. ശനിയാഴ്ച വൈകിട്ട് ഗോ എയര്‍ G 8 – 149 വിമാനമാണ് ഡല്‍ഹി വിമാനത്താവളത്തിന് മുകളില്‍ ലാന്‍ഡിംഗ് വൈകിപ്പിച്ച് വട്ടമിട്ട് പറന്നത്.

രാഹുല്‍ ഗാന്ധിയും പ്രതിപക്ഷനേതാക്കളും സഞ്ചരിച്ച വിമാനമാണ് അപ്രതീക്ഷിതമായി ലാന്‍ഡിംഗ് വൈകിപ്പിച്ചത്. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി അവിടം സന്ദര്‍ശിക്കാന്‍ എത്തിയ സംഘത്തിന് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മടങ്ങുകയായിരുന്നു. ഇവര്‍ക്ക് പുറമെ നൂറിലേറെ യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു.  ലാന്‍ഡിംഗ് തയാറെടുപ്പിനിടെയാണ്  ലാന്‍ഡിംഗ് വൈകുമെന്ന അറിയിപ്പുണ്ടായത്. ഇതോടെ വിമാനത്തിലെ യാത്രക്കാര്‍ പരിഭ്രാന്തരായി.

റണ്‍വേ ലഭ്യമല്ലാത്തതിനാലാണ് ലാന്‍ഡിംഗ് വൈകുന്നത് പിന്നാലെ അറിയിപ്പുണ്ടായി. തുടർന്ന് വിമാനം ആകാശത്ത് വട്ടമിട്ട് പറന്നു. അല്‍പസമയത്തിനകം വിമാനം ലാന്‍ഡ് ചെയ്യുമെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അറിയിപ്പുണ്ടായി.  ഇതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്. ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോളാണ് ലാന്‍ഡിംഗ് വൈകിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഗോ എയര്‍ വക്താവ് അറിയിച്ചു. ഒരു വിമാനത്തില്‍ പക്ഷി ഇടിച്ചെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ലാന്‍ഡിംഗ് നടത്താതെ വട്ടമിട്ട് പറക്കാന്‍ നിർദേശമെന്നും ഗോ എയര്‍ വ്യക്തമാക്കി.