എട്ടുനിലയില്‍ പൊളിഞ്ഞ് പിണറായിയുടെ വര്‍ഗീയ മതില്‍; സ്ത്രീകളില്ലാത്തതിനാല്‍ വരിയില്‍ ഇടംപിടിച്ച് പുരുഷന്മാരും; മതിലില്‍ വ്യാപക വിള്ളല്‍

Jaihind Webdesk
Tuesday, January 1, 2019

പൊതുഖജനാവിലെ പണം ധൂര്‍ത്തടിച്ച്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് കൊട്ടിഘോഷിച്ച് പിണറായി സര്‍ക്കാര്‍ നടത്തിയ വനിതാമതില്‍ പൂര്‍ണപരാജയമെന്ന് മതിലിന്‍റെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വനിതാമതില്‍ തകര്‍ന്നടിഞ്ഞു എന്നതിന് അടിവരയിടുന്നു. കിലോമീറ്ററുകളോളം നീളത്തില്‍ മതിലിന് ആളില്ലാത്ത സ്ഥലങ്ങള്‍ മുതല്‍ വനിതാമതിലില്‍ ‘ഇടം നേടിയ’ പുരുഷന്മാരെ വരെ കാണാനായി. 50 ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും വീരവാദം മുഴക്കിയെങ്കിലും 12 ലക്ഷം ആളുകള്‍ പോലും പങ്കെടുത്തില്ലെന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്ന കണക്കുകള്‍.

വനിതാമതിലെന്ന പേരില്‍ കോടികള്‍ ചെലവിട്ട് എന്തിനെന്ന് പോലും അറിയാതെ നടത്തിയ മതിലിന് പക്ഷേ സ്ത്രീകളുടെ സാന്നിധ്യം കുറവായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. സ്ത്രീകള്‍ ഇല്ലാത്തതിനാല്‍ പകരം പുരുഷന്മാര്‍ മതിലില്‍ നിരന്നതും പല സ്ഥലങ്ങളിലും കാണാനായി.

‘വനിതാ’മതിലില്‍ ഇടംപിടിച്ച പുരുഷന്മാര്‍

ഹിന്ദുവിശ്വാസികളായ സ്ത്രീകള്‍ മതിലില്‍നിന്ന് കൂട്ടത്തോടെ വിട്ടുനില്‍ക്കുകയാണുണ്ടായത്. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങള്‍ ഒഴികെ സംസ്ഥാനത്തിന്‍റെ മറ്റ് ജില്ലകളിലൊന്നും തന്നെ മതിലിന് പ്രതീക്ഷിച്ചത്ര ജനപങ്കാളിത്തമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. വനിതാമതിലില്‍ അണിനിരന്നത് കൂടുതലും കുടുംബശ്രീക്കാരും തൊഴിലുറപ്പുകാരുമായിരുന്നു. എന്നിട്ടും മതിലിന് പ്രതീക്ഷിച്ചതിന്‍റെ നാലിലൊന്ന് ജനപങ്കാളിത്തം പോലുമുണ്ടായില്ല എന്നതും ശ്രദ്ധേയമായി.

വനിതാമതിലില്‍ പിഴവ് സംഭവിച്ചുവെന്ന് ചില നേതാക്കളുടെ പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ വനിതാ മതില്‍ തകര്‍ന്ന് തരിപ്പണമാകുന്ന കാഴ്ചയാണ് കാണാനായത്. ജീവനക്കാരെ ഭീഷണിപ്പെടുത്തി മതിലിന് അണിനിരത്തിയപ്പോള്‍ സെക്രട്ടറിയേറ്റിന്‍റെ പ്രവര്‍ത്തനം നിശ്ചലമായി, ഗതാഗതക്കുരുക്കില്‍ ജനങ്ങള്‍ വലഞ്ഞു, പൊതുഖജനാവില്‍ നിന്ന് കോടികള്‍ ധൂര്‍ത്തടിച്ചു ഇതൊക്കെയാണ് മതില്‍കൊണ്ട് പിണറായി സര്‍ക്കാരിന് കേരളസമൂഹത്തിന് നല്‍കാനായത്. വര്‍ഗീയ മതില്‍ പരാജയപ്പെടുത്തിയ വനിതകള്‍ക്ക് അഭിനന്ദങ്ങള്‍ എന്ന തലക്കെട്ടില്‍ പിണറായി സര്‍ക്കാരിന്‍റെ പൊളിഞ്ഞ മതിലിന്‍റെ ദൃശ്യങ്ങള്‍ പ്രവഹിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില ദൃശ്യങ്ങള്‍.