വനിതാ മതിൽ: നിശ്ചലമായി സെക്രട്ടേറിയറ്റ്, പങ്കെടുക്കാത്ത ജീവനക്കാർക്കെതിരെ ഭീഷണിയും ആക്രോശവും

Jaihind Webdesk
Tuesday, January 1, 2019

സംസ്ഥാനത്തിന്‍റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്‍റെ പ്രവർത്തനം വനിതാ മതിലിനെ തുടർന്ന് നിശ്ചലമായി. ഭീഷണിയും സമ്മർദവും കൊണ്ട് മിക്ക ജീവനക്കാരും സെക്രട്ടേറിയറ്റിന് പുറത്തുപോയതോടെയാണ് പ്രവർത്തനം നിശ്ചലമായത്. ഇതോടെ വിവിധ ആവശ്യങ്ങൾക്കെത്തിയ സാധാരണക്കാരടക്കം നിരവധി പേർ വലഞ്ഞു. മന്ത്രിമാരുടെയും വിവിധ വകുപ്പുകളുടെയും ഓഫീസുകളാണ് നിശ്ചലമായത്. കഴിഞ്ഞ ഒരാഴ്ചയായി വനിതാ മതിലിന്‍റെ പേരിൽ സംസ്ഥാനത്ത് നടക്കുന്ന ഭരണസ്തംഭനത്തെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഇത് മാറിക്കഴിഞ്ഞു. വനിതാ മതിലിൽ പങ്കെടുക്കാത്തവർ സെക്രട്ടേറിയറ്റിനുള്ളിൽ നിന്ന് പുറത്തുപോകണമെന്ന ആക്രോശവും സംഘടനാ നേതാക്കൾ മുഴക്കിയതോടെ ഇവർക്ക് പുറത്തുപോകേണ്ടി വരികയായിരുന്നു.

വീഡിയോ റിപ്പോര്‍ട്ട് കാണാം:

https://www.youtube.com/watch?v=QJRCFjWq9K0

സി.പി.എം നൽകിയ നിർദേശം അക്ഷരംപ്രതി പാലിക്കാനാണ് ജീവനക്കാരെ സർവീസ് സംഘടനാ പ്രതിനിധികൾ നിർബന്ധിച്ച് സെക്രട്ടേറിയറ്റിനുള്ളിൽ നിന്നും ഇറക്കി വിട്ടത്. ഉച്ചയ്ക്ക് ശേഷം ഒരു വകുപ്പിലും ജീവനക്കാർ ഉണ്ടായിരുന്നില്ല. ഓഫീസിന്‍റെ പ്രവർത്തനം സ്തംഭിക്കാത്ത രീതിയിൽ മറ്റ് പരിപാടികളിൽ പങ്കെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവും പൊതുഭരണവകുപ്പിന്‍റെ സർക്കുലറും നിലനിൽക്കുന്നതിനിടെയാണ് ജീവനക്കാരെ ഇടതു സംഘടനകൾ നിർബന്ധിച്ച് പുറത്തിറക്കിയത്. വനിതാ മതിലിന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത് മുതൽ സെക്രട്ടേറിയറ്റിലടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാരെ പങ്കെടുപ്പിക്കാൻ ഇടതുപക്ഷ സർവീസ് സംഘടനകൾ ശ്രമിച്ചിരുന്നു. ഇതിനുപുറമേ ഔദ്യോഗിക തലത്തിലും ഭീഷണിയും സമ്മർദവും തുടരുകയായിരുന്നു. എന്നാൽ സെക്രട്ടേറിയറ്റിലടക്കമുള്ള ഓഫീസുകളിൽ ചില വനിതാ ഉദ്യോഗസ്ഥർ നടപടിയെ എതിർത്തതോടെ സ്ഥലം മാറ്റ ഭീഷണിയടക്കം മുഴക്കിയാണ് ഇടതു സംഘടനകൾ സമ്മർദത്തിന് ആക്കം കൂട്ടിയത്. ഇടത് സംഘടനകളുടെ എതിർപ്പ് രൂക്ഷമായതോടെയാണ് മതിലിൽ പങ്കെടുക്കാത്തവർ ഓഫീസ് വിട്ടിറങ്ങിയത്.