രാഷ്ട്രീയത്തിന് അതീതമായി വോട്ടർമാർക്കൊപ്പം ഉണ്ടാകുമെന്ന് രാഹുൽ

Jaihind Webdesk
Saturday, June 8, 2019

രാഷ്ട്രീയത്തിന് അതീതമായി വോട്ടർമാർക്കൊപ്പം ഉണ്ടാകുമെന്ന് കോൺഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. അദ്ദേഹം വ്യക്തമാക്കി. കലക്‌ട്രേറ്റിൽ പൊതുജനങ്ങളിൽനിന്ന് നിവേദനം സ്വീകരിച്ചു. പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം മണ്ഡലത്തിലെ പ്രശ്‌നങ്ങൾ ജനപ്രതിനിധികളുമായി അവലോകനം ചെയ്തു.

സ്നേഹമാണ് തന്‍റെ സേവന മന്ത്രമെന്നും തന്നെ ഏറ്റവും ദുഷിച്ച് സംസാരിച്ചിരുന്ന പ്രധാനമന്ത്രിയെപ്പോലും സ്നേഹിക്കുക മാത്രമേ ചെയ്യുവെന്ന് പറഞ്ഞ രാഹുല്‍ വയനാട്ടിലും അത് തന്നെ ആവര്‍ത്തിച്ചു. പൊതുതെരഞ്ഞെടുപ്പില്‍ തന്‍റെ എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ച സിപിഎം എംഎല്‍എ സി.കെ. ശശീന്ദ്രനെയും അദ്ദേഹം സ്നേഹത്തോടെ സ്വീകരിച്ചു.  രാഷ്ട്രീയത്തിന് അതീതമായി ഒത്തൊരുമിച്ച് രാഷ്ട്ര നന്മയ്ക്കായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു.

രാവിലെ 9.20 കൽപറ്റ റെസ്റ്റ് ഹൗസിൽ നിന്നുമിറങ്ങിയ രാഹുൽ ഗാന്ധി 9.30ഓടെയാണ് വയനാട് കലക്ടറേറ്റിലെ എംപി ഫെസിലിറ്റേഷൻ ഓഫീസിൽ എത്തിയത്.

സ്കൂള്‍ വിദ്യാര്‍ത്ഥികളും നിവേദനവുമായി അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നു.

ജില്ലയിലെ പര്യടനത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ആറു സ്ഥലങ്ങളിലാണ് രാഹുൽ ഗാന്ധി ഇന്ന് റോഡ്ഷോ നടത്തുന്നത്. കൽപറ്റ പുതിയ ബസ്റ്റാന്‍റ് പരിസരത്താണ് ആദ്യ റോഡ് ഷോ. തുടർന്ന് കമ്പളക്കാട്, പനമരം മാനന്തവാടി, പുൽപള്ളി, സുൽത്താൻ ബത്തേരി എന്നിവിടങ്ങിൽ വോട്ടർമാരെ കാണാനെത്തും. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങൾ ഉള്ളതിനാൽ അതീവ സുരക്ഷാവലയത്തിലാകും യാത്ര.

ഇന്നലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയത്. കരിപ്പൂരില്‍ വിമാനമിറിങ്ങിയ രാഹുലിനെ യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു. മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ അദ്ദേഹം വാഹനത്തില്‍ നിന്നും ഇറങ്ങി ജനങ്ങളുടെ ആദ്യ സ്വീകരണം ഏറ്റുവാങ്ങി. പുഷ്പങ്ങളും, കൊടിതോരണങ്ങളും, മുത്തുകുടകളുമെല്ലാമായി നൂറു കണക്കിന് ആള്‍ക്കാരാണ് കനത്ത മഴയിലും പ്രിയ നേതാവിനെ കാണാന്‍ തിരുവാലിയില്‍ ഒത്തുകൂടിയത്.