മദ്യം അവശ്യ വസ്തുവാണെന്ന നിലയാണ് രാജ്യത്തുള്ളത് എന്ന പ്രസ്താവന പിന്‍വലിക്കണം : മുഖ്യമന്ത്രിയ്ക്ക് വി.എം.സുധീരന്‍റെ കത്ത്

Jaihind News Bureau
Tuesday, March 24, 2020

മദ്യം അവശ്യവസ്തുവാണെന്ന നിലയാണ് രാജ്യത്തുള്ളതെന്ന താങ്കളുടെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് ഇടവരുത്തുന്നതുമാണ്. മുഖ്യമന്ത്രിപദത്തിലിരുന്നുകൊണ്ടുള്ള ഇപ്രകാരത്തിലുള്ള അഭിപ്രായപ്രകടനത്തെ മദ്യലോബിയും സ്ഥാപിത താല്‍പര്യ ശക്തികളും പലതലങ്ങളിലും ദുരുപയോഗപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

മദ്യം അവശ്യ വസ്തുവാണെന്ന് ഒരു നിയമ ഗ്രന്ഥവും പറയുന്നില്ല. എന്നാല്‍ മദ്യ വില്‍പനയും മദ്യപാനവും മൗലികാവാശമല്ലന്ന് ബഹു സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട് താനും. ഇതെല്ലാം കണക്കിലെടുത്ത് കൊണ്ട് മദ്യത്തെ അവശ്യവസ്തു എന്ന് വിശേഷിപ്പിക്കുന്ന ബഹു മുഖ്യമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മുഖ്യമന്ത്രിയ്ക്ക് വി.എം. സുധീരന്‍ അയച്ച കത്തിന്‍റെ പൂർണരൂപം വായിക്കാം….

പ്രിയപ്പെട്ട മുഖ്യമന്ത്രി,

മദ്യം അവശ്യവസ്തുവാണെന്ന നിലയാണ് രാജ്യത്തുള്ളതെന്ന താങ്കളുടെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് ഇടവരുത്തുന്നതുമാണ്. മുഖ്യമന്ത്രിപദത്തിലിരുന്നുകൊണ്ടുള്ള ഇപ്രകാരത്തിലുള്ള അഭിപ്രായപ്രകടനത്തെ മദ്യലോബിയും സ്ഥാപിത താല്‍പര്യ ശക്തികളും പലതലങ്ങളിലും ദുരുപയോഗപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

മദ്യം അവശ്യ വസ്തുവാണെന്ന് ഒരു നിയമ ഗ്രന്ഥവും പറയുന്നില്ല. എന്നാല്‍ മദ്യ വില്‍പനയും മദ്യപാനവും മൗലികാവാശമല്ലന്ന് ബഹു സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട് താനും. ഇതെല്ലാം കണക്കിലെടുത്ത് കൊണ്ട് മദ്യത്തെ അവശ്യവസ്തു എന്ന് വിശേഷിപ്പിക്കുന്ന ബഹു മുഖ്യമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മദ്യം ഗുരുതരമായ ഒരു സാമൂഹ്യവിപത്തായി മാറിയിട്ടുണ്ടെന്ന പരാമര്‍ശം തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നായകനായ മുഖ്യമന്ത്രിതന്നെ ഇപ്രകാരമൊരു പ്രതികരണത്തിലൂടെ മദ്യത്തെ മഹത്വവല്‍ക്കരിക്കുന്നത് തികച്ചും വിരോധാഭാസമാണ്.

ലോകാരോഗ്യസംഘടനതന്നെ മദ്യം മനുഷ്യരാശിക്കുണ്ടാക്കുന്ന ആരോഗ്യ-സാമൂഹ്യ-സാമ്പത്തിക വിപത്തുകളെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിലും ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ കൂടിവരുന്നതിലും റോഡപകടങ്ങളും തല്‍ഫലമായിട്ടുള്ള മരണങ്ങളും ഏറിവരുന്നതിലും സാമൂഹ്യമായി അരാജകമായ അവസ്ഥയിലേയ്ക്ക് ജനങ്ങളെയും നാടിനെയും എത്തിക്കുന്നതിലും മദ്യവും മയക്കുമരുന്നും ചെലുത്തുന്ന സ്വാധീനം നിര്‍ണ്ണായകമാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

‘ലോക്ക് ഡൗണ്‍’ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് കൂടുതല്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴും ബിവറേജസ് മദ്യവില്പനശാലകളും ബാറുകളിലെ കൗണ്ടര്‍ വില്പനയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ന്യയീകരണമായിട്ടേ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കാണാനാകൂ. ഇതിന് ജനസ്വീകാര്യത ഉണ്ടാവില്ല. തന്നെയുമല്ല ഇതെല്ലാം തുടര്‍ന്നാല്‍ ബാറുകള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതിന്റെ ഗുണഫലങ്ങള്‍ ഇല്ലാതാവുകയും ചെയ്യും.

കൊറോണ പ്രതിരോധത്തിനായി ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള ശക്തവും അത്യപൂര്‍വ്വവുമായ നിയന്ത്രണനടപടികള്‍വഴി ജനസഞ്ചാരവും ആള്‍ക്കൂട്ടവും ഒഴിവാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്‍റെ നടപടികളെ സ്വാഗതം ചെയ്യുന്ന ജനങ്ങള്‍തന്നെ മദ്യവില്പനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന തെറ്റായ നടപടികളെ തള്ളിക്കളയുമെന്നതില്‍ സംശയമില്ല.

അതുകൊണ്ട് ഇനിയും ഒട്ടുംവൈകാതെ ഫലപ്രദമായ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി മദ്യവില്പന സര്‍വ്വതലത്തിലും സമ്പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിന് വേണ്ട നടപടികളെല്ലാം സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

സ്നേഹപൂര്‍വ്വം
വി.എം.സുധീരന്‍
ശ്രീ.പിണറായി വിജയന്‍
ബഹു.മുഖ്യമന്ത്രി