വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് തുടരും; സ്റ്റേ ഇല്ല

Jaihind News Bureau
Thursday, March 19, 2026

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. വിധി സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം കോടതി നിരസിച്ചു. ഇതോടെ വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമടക്കമുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് പുറത്തുനില്‍ക്കേണ്ടി വരും.

സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്, നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദ്ദേശിച്ചു. കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. കമ്പനി നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എം.എന്‍. സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവരെ കോടതി അയോഗ്യരാക്കിയത്.

എസ്എന്‍ഡിപിയുടെ ദൈനംദിന ഭരണത്തിനായി താത്കാലിക ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. താത്കാലിക സമിതിയിലേക്കുള്ള സര്‍ക്കാര്‍ നോമിനികളെ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഇതിനെത്തുടര്‍ന്ന്, നോമിനികളുടെ പട്ടിക തിങ്കളാഴ്ച സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. അന്തരിച്ച പ്രൊഫ. എം.കെ. സാനു ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് വെള്ളാപ്പള്ളി നടേശനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് ഉത്തരവുണ്ടായത്. ദശകങ്ങളായി എസ്എന്‍ഡിപി യോഗം നേതൃത്വത്തില്‍ തുടരുന്ന വെള്ളാപ്പള്ളിക്ക് നിയമപരമായി ഏറ്റവ വലിയ തിരിച്ചടിയാണ് ഈ വിധി. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന പട്ടികയാകും യോഗത്തിന്റെ ഭാവി ഭരണം നിശ്ചയിക്കുക.