പിണറായി ക്രൂരനും രക്തദാഹിയും അഴിമതിക്കാരനുമായ മുഖ്യമന്ത്രി; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, January 16, 2024

കണ്ണൂർ: യുവജന സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലുന്ന ക്രൂരനും രക്തദാഹിയും അഴിമതിക്കാരനുമായ ഭരണാധികാരിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുവജന സമരങ്ങളെ ക്രൂരമായി കൈകാര്യം ചെയ്യാൻ പിണറായി വിജയൻ നിർദേശം നൽകി. സമരം ചെയ്തവരുടെ തല പൊട്ടി ചോര ഒഴുകുമ്പോൾ മുഖ്യമന്ത്രി ആഹ്ലാദിക്കുകയും ചോര കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും വി.ഡി. സതീശൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യുവജന സമരങ്ങളെ അടിച്ചമർത്തുവാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ചു. സമരം ചെയ്യുന്ന ചെറുപ്പക്കാരെ പിണറായിയുടെ നേതൃത്വത്തിൽ വേട്ടയാടുന്നു. യുവജന സമരങ്ങളെ ക്രൂരമായി കൈകാര്യം ചെയ്യാൻ പിണറായി വിജയൻ നിർദ്ദേശം നൽകിയതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. എന്നാല്‍ പുറത്തുള്ളതിനേക്കാള്‍ അതിശക്തനായ രാഹുല്‍ മാങ്കൂട്ടത്തിലാണ് ജയിലിലുള്ളതെന്ന് മുഖ്യമന്ത്രി മറക്കരുതെന്ന് വി.ഡി. സതീശന്‍ ഓർമ്മിപ്പിച്ചു. ക്രൂരനും രക്തദാഹിയും അഴിമതിക്കാരനുമായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കേരള ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത രീതിയിൽ സമരം ചെയ്യുന്ന ചെറുപ്പക്കാരെ വേട്ടയാടുകയാണ്. അഴിമതിക്കാരനായ മുഖ്യമന്ത്രി വിഷയം മാറ്റാൻ ശ്രമിക്കുന്നതായും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

നീതി തേടിയാണ് കോടതിയിൽ പോകുന്നത്. കിട്ടാവുന്ന അത്ര രേഖകൾ സഹിതമാണ് കെ-ഫോൺ വിഷയത്തിൽ പൊതുതാല്‍പര്യ ഹർജി കൊടുത്തത്. പബ്ലിസിറ്റിക്കുവേണ്ടി കോടതിയിൽ പോകേണ്ട കാര്യമില്ല. നീതിന്യായ വ്യവസ്ഥയിൽ നിന്ന് പരിഹാസം ശരിയല്ല. നീതിന്യായ സംവിധാനത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. പ്രതിപക്ഷ നേതാവിനെ പരിഹസിച്ചാൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് വി.ഡി. സതീശൻ ചോദിച്ചു. നീതി കിട്ടില്ല എന്ന ബോധം ജനങ്ങളിൽ ഉണ്ടാവും. ഗായിക കെ.എസ്. ചിത്രയെ സൈബർ ഇടത്തിൽ ആക്രമിക്കുന്നതിനോട് യോജിപ്പില്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു.