അനധികൃതമായി നിർമിച്ചതും ഗുണനിലവാരമില്ലാത്തതുമായ ഹാൻഡ് സാനിറ്റൈസറുകൾ പിടികൂടി

Jaihind News Bureau
Tuesday, March 17, 2020

കോസ്മെറ്റിക് നിർമ്മാണ കമ്പനിയിൽ നിന്ന് അനധികൃതമായി നിർമിച്ചതും ഗുണനിലവാരമില്ലാത്തതുമായ ഹാൻഡ് സാനിറ്റൈസറുകൾ പിടികൂടി. ഡ്രഗ്സ് കണ്ട്രോൾ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ലൈസൻസില്ലാതെ നിർമ്മിച്ച സാനിറ്റൈസറുകൾ പിടികൂടിയത്.

പാലക്കാട്‌ മുതലമട പൊത്തമ്പാടം എന്ന സ്‌ഥലത്ത്‌ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ ഡ്രഗ്സ് കണ്ട്രോൾ വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി നിർമിച്ച ഹാൻഡ് സാനിറ്റൈസറുകൾ പിടികൂടിയത്. പരിശോധനയിൽ നിർമ്മാണ ലൈസൻസില്ലാതെ നിർമ്മിച്ചതും കൂടിയ വില രേഖപ്പെടുത്തിയതുമായ ഒട്ടേറെ സാനിട്ടൈസറുകൾ കണ്ടെടുത്തു. ലൈസൻസില്ലാതെയും ഗുണനിലവാരം പാലിക്കാതെയും സാനിറ്റൈസറുകൾ നിർമിച്ചതിന് കമ്പനിക്കെതിരെ കേസെടുത്തു.

സംസ്ഥാനത്തു കോവിഡ്-19 സ്ഥിരീകരിച്ചതിനു ശേഷം ജില്ലയിൽ സാനിറ്റൈസറുകൾക്കു വലിയ ക്ഷാമം നേരിടുന്ന സാഹചര്യമാണുള്ളത്. യാതൊരു മാനദണ്ഡവും പാലിക്കാതെ നിർമ്മിക്കുന്ന ഇത്തരം പ്രൊഡക്റ്റുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുവാൻ സാധ്യതയുണ്ട്. വ്യാജമായ മാനുഫാക്ടറിങ് ലൈസൻസ് ലേബലിൽ രേഖപ്പെടുത്തി 100ml ബോട്ടിലിന് 180 രൂപ പ്രിന്‍റ് ചെയ്ത് നിർമ്മിച്ചാണ് വിതരണത്തിനു വേണ്ടി സൂക്ഷിച്ചിരുന്നത്. ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന