സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കുരുക്കിലേക്ക്; മുഖ്യമന്ത്രി രാജിവെക്കാതെ യുഡിഎഫ് പിന്നോട്ട് ഇല്ലെന്ന് ബെഹന്നാൻ എംപി; സർക്കാറിനെതിരായുളള സമരം ഈ മാസം 31 വരെ മാറ്റിവെച്ചു

Jaihind News Bureau
Thursday, July 16, 2020

സ്വർണ്ണക്കടത്ത് കേസ് അന്വേഷണം മുന്നോട്ട് പോകുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് കുരുക്കിലേക്ക് നീങ്ങുകയാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ എംപി. ഐ.ടി വകുപ്പിനെ ഇമ്മോറൽ ട്രാഫിക് വകുപ്പായി മുൻ ഐടി സെക്രട്ടറി എം. ശിവശങ്കർ മാറ്റിയെന്ന് ബെന്നി ബെഹനാൻ പറഞ്ഞു. സർക്കാറിനെതിരായി യുഡിഎഫ് നടത്താനിരുന്ന സമരം ഈ മാസം 31 വരെ മാറ്റിവെച്ചതായും അദ്ദേഹം അറിയിച്ചു.

കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ശിവശങ്കറിൻ്റെ നിർദ്ദേശപ്രകാരം സഹായം നൽകിയ മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രന് സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ എ പ്രതിചേർത്ത ഫൈസൽ ഫരീദുമായി ബന്ധമുണ്ട്. ഇവർ തമ്മിൽ ബിസിനസ് പങ്കാളിത്തമുണ്ടെന്നും ബെന്നി ബെഹന്നാൻ എം.പി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ലീഗൽ അഡ്വൈസർ ജയകുമാറും കള്ളക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് നിൽക്കുന്നു. വിവാദമായ കേസന്വേഷണം വന്നിട്ടും മുഖ്യമന്ത്രി കാബിനറ്റ് യോഗത്തിൽ ഒരക്ഷരം മിണ്ടിയില്ല.കള്ളക്കടത്തിൻ്റെ മുഖ്യകണ്ണി മുഖ്യമന്ത്രിയുടെ ഓഫീസ് ആയതുകൊണ്ടാണ് ശിവശങ്കറിനെതിരെ നടപടി എടുക്കാത്തതെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചാൽ ശിവശങ്കറിനെതിരെ നടപടി എടുക്കുമെന്ന പറഞ്ഞ മുഖ്യമന്ത്രിയുടെ വാദം ബാലിശമാണെന്നും ബെന്നി ബെഹന്നാൻ വ്യക്തമാക്കി.

മുഖ്യമന്ത്രി രാജിവെക്കാതെ യുഡിഎഫ് പിന്നോട്ട് ഇല്ല. രാജിക്ക് വേണ്ടി ഏതറ്റം വരെയും പോകാനാണ് മുന്നണിയുടെ തീരുമാനം. മന്ത്രി ജലീൽ സ്വപ്ന സുരേഷിനെ വിളിച്ചതിൻ്റെ കോൾ ലിസ്റ്റ് പുറത്ത് വന്നപ്പോൾ നിസാരവത്കരിച്ചുയു.എ.ഇ കോൺസലിൽ നിന്നും സ്വപ്നയെ നീക്കിയത് മന്ത്രിക്ക് അറിയില്ല എന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ തട്ടിപ്പുകളും നടക്കുന്നത് ഐടി വകുപ്പിന് കീഴിൽ
ശിവശങ്കർ ഐ ടി വകുപ്പിൻ്റെ തലവനായി നിൽക്കുേമ്പോഴാണ് പിൻവാതിൽ നിയമനവും തട്ടിപ്പും ഐടി വകുപ്പിൽ വ്യാപകമായി മാറിയെന്നും ബെന്നി ബെഹന്നാൻ കുറ്റപ്പെടുത്തി.

സർക്കാറിൻ്റെ കള്ളക്കടത്ത് ബാന്ധവം യുഡിഎഫ് തുറന്ന് കാട്ടും ഇടതു മുന്നണിയിലെ ഘടകകക്ഷികൾ വിഷയത്തിൽ അഭിപ്രായം പറയണം.പിണറായി വിജയനെ പാർട്ടിയിൽ നിന്നും സസ്പൻ്റ് ചെയ്യാൻ സി.പി.എം കേന്ദ്ര നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൻ്റെ ഉത്തരവാദിത്വം പൂർണ്ണമായും സർക്കാറിനാണെന്നും ബെന്നി ബെഹന്നാൻ കൂട്ടി ചേർത്തു.