തീർത്ഥാടന കാലം ആരംഭിക്കാനിരിക്കെ ശബരിമലയിൽ സർക്കാരിന് രഹസ്യ അജണ്ടയെന്ന് ബെന്നി ബെഹനാൻ

Jaihind News Bureau
Thursday, October 3, 2019

Benny-Behanan

തീർത്ഥാടന കാലം ആരംഭിക്കാനിരിക്കെ ശബരിമലയിൽ സർക്കാരിന് രഹസ്യ അജണ്ടയെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. ശബരിമല നയം തെറ്റി എന്ന് പാർട്ടി പോലും പറഞ്ഞിട്ടും സമ്മതിക്കുവാൻ പിണറായി തയ്യാറായിട്ടില്ല. സർക്കാർ വിശ്വാസികളോടൊപ്പമാണെങ്കിൽ കോടതിയിൽ കൊടുത്ത സത്യവാങ്ങ്മൂലം തിരുത്തുവാൻ തയ്യാറുണ്ടോ എന്നു വ്യക്തമാക്കണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തിൽ സർക്കാരും സി.പി.എമ്മും ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. തീർത്ഥാടന കാലം ആരംഭിക്കാനിരിക്കെ ശബരിമല നിലപാട് ചർച്ചാ വിഷയം തന്നെയാണ്. കോന്നി ഉൾപ്പെടെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഇക്കാര്യം ചർച്ച ചെയ്യപ്പെടും.

കോന്നിയിലെ യു ഡി.എഫ്.സ്ഥാനാർത്ഥി പി.മോഹൻരാജിന്‍റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം കൊലപാതക രാഷ്ട്രീയവും കിഫ്ബി അഴിമതിയും പി.എസ്- സി.യുടെ വിശ്വാസ്യത തകർത്തതും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

കഴിഞ്ഞ 23 വർഷം അടൂർ പ്രകാശ് കോന്നിയിൽ നടത്തിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ പിന്തുടർച്ചക്കായി പി.മോഹന്‍രാജിന്‍റെ വിജയം ഉറപ്പെന്നും ബെന്നി ബെഹനാൻ പറഞ്ഞു.