തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടുത്തത്തിന് പിന്നാലെ അഞ്ച് പേര്‍ മരിച്ചെന്ന വാര്‍ത്ത ഞെട്ടിക്കുന്നത്; അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണം: വി ഡി സതീശന്‍

Jaihind News Bureau
Saturday, March 21, 2026

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി വെന്റിലേറ്റര്‍ യൂണിറ്റിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ അഞ്ച് രോഗികള്‍ മരിച്ച സംഭവം കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഭവത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ചികിത്സയിലായിരുന്നവര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ബന്ധുക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തീപിടുത്തമുണ്ടായപ്പോള്‍ രോഗികളില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. വിവിധ അപകടങ്ങളില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി സനീഷ്, ആയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി, ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഹീം, ചിറയിന്‍കീഴ് സ്വദേശി ഓമന അമ്മ, ബാലരാമപുരം സ്വദേശി ശ്രീധരന്‍ എന്നിവരാണ് മരിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടു വന്നിരുന്ന സനീഷ് തീപിടുത്തത്തിന് പിന്നാലെ പിറ്റേദിവസം മരിക്കുകയായിരുന്നുവെന്നും കൃഷ്ണന്‍കുട്ടി തീപിടുത്തം നടന്ന ദിവസം തന്നെ മരിച്ചുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സംസ്ഥാനത്തെ ആരോഗ്യമേഖലയെ പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷം കൊണ്ട് തകര്‍ത്തെറിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ‘ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന ദാരുണ സംഭവങ്ങളാണ് ആവര്‍ത്തിക്കുന്നത്. സിസ്റ്റത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും നിരവധി കുടുംബങ്ങളെ അനാഥമാക്കുന്നു,’ അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലുണ്ടായ ഈ ദാരുണ സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പും പോലീസും അടിയന്തരമായി അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.