ബജറ്റ് അവതരണത്തിനിടയിലും മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് തോമസ് ഐസക്

Jaihind Webdesk
Thursday, January 31, 2019

Thomas-Issac-Budget

കേരളത്തിനെതിരായ കേന്ദ്ര സര്‍ക്കാരിന്‍റെ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് തന്‍റെ പത്താം ബജറ്റിനു തോമസ് ഐസക് തുടക്കമിട്ടത്. പുനർനിര്‍മ്മാണത്തിനുള്ള വിഭവ സമാഹാരണം കേന്ദ്രസർക്കാർ തടസ്സപ്പെടുത്തിയെന്നും സംസ്ഥാനങ്ങളുടെ താൽപര്യം പരിഗണിക്കുന്ന സർക്കാർ കേന്ദ്രത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയം തകര്‍ത്ത കേരളത്തിന് ദുരന്തത്തില്‍നിന്നു കരകയറാന്‍ 3000 കോടി രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. പുനര്‍നിര്‍മാണത്തിനുള്ള വിഭവസമാഹരണവും കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തിയെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. സൗഹൃദരാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ലെന്ന് മാത്രമല്ല. അധിക വായ്പയെടുക്കാന്‍ അനുമതിയും കേന്ദ്രം നല്‍കിയില്ല.

കേരളത്തിനോട് എന്തിനീ ക്രൂരതയെന്ന് ചോദിച്ച ധനമന്ത്രി സംസ്ഥാനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തില്‍ വരേണ്ടതെന്നും  പറഞ്ഞു.

എന്നാല്‍, പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു സഹായിച്ച കേന്ദ്രത്തിന്‍റെ നടപടിക്കും സൈനിക വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തിനും മന്ത്രി നന്ദിയും രേഖപ്പെടുത്തി.