രാഷ്ട്രീയ സമ്മർദം; ബ്രെക്‌സിറ്റില്‍ തീരുമാനം എംപിമാർക്ക് വിട്ട് തെരേസ മേ; വോട്ടെടുപ്പു 12ന്

Jaihind Webdesk
Wednesday, February 27, 2019

Theresa-May

രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി ബ്രെക്‌സിറ്റ് സംബന്ധിച്ച നിയന്ത്രണം എംപിമാർക്കു നൽകാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ തീരുമാനിച്ചു. യൂറോപ്യൻ യൂണിയനുമായുള്ള പുതിയ കരാർ അംഗീകരിക്കുന്നതു സംബന്ധിച്ച് മാർച്ച് 12നു പാർലമെൻറിൽ വോട്ടെടുപ്പു നടത്തും.

കോമൺസ് സഭയിലാണു മേ പ്രഖ്യാപനം നടത്തിയത്. വോട്ടെടുപ്പു പരാജയപ്പെട്ടാൽ കരാർ കൂടാതെ യൂറോപ്യൻ യൂണിയൻ വിടണമോ എന്നതു സംബന്ധിച്ചു വീണ്ടും വോട്ടെടുപ്പു നടത്തും. ഇതും പരാജയപ്പെട്ടാൽ നിലവിലുള്ള ബ്രെക്‌സിറ്റ് കാലാവധി നീട്ടുന്നതു സംബന്ധിച്ച് മാർച്ച് 14ന് ഒരിക്കൽക്കൂടി വോട്ടെടുപ്പു നടത്തുമെന്നു മേ പറഞ്ഞു.

പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുമെന്നു മേ പറഞ്ഞപ്പോൾ സഭയിൽ കൂട്ടച്ചിരി പടർന്നു. മാർച്ച് 29നു യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം പിരിയണമെന്നാണ് ഇപ്പോഴത്തെ നിശ്ചയം. ഇതു നീട്ടുന്നതിനോടു വ്യക്തിപരമായി യോജിപ്പില്ലെന്നു അവർ തുടർന്നു പറഞ്ഞു.

ബ്രെക്‌സിറ്റ് പിൻമാറ്റ കരാർ മാർച്ച് 12ന് ബ്രിട്ടീഷ് പാർലമെന്റിൽ അന്തിമ വോട്ടെടുപ്പിനു വയ്ക്കും. എന്നാൽ എംപിമാർക്ക് ഇക്കാര്യത്തിൽ വോട്ടവകാശം നൽകുകയാണെന്ന് മേ വ്യക്തമാക്കി.