ഖേദപ്രകടനം മതിയാവില്ല, തെരേസാ മേ മാപ്പ് പറയണം : ശശി തരൂര്‍

Jaihind Webdesk
Thursday, April 11, 2019

Shashi Tharoor

കോളനിക്കാലത്തെ ബ്രിട്ടീഷ് ക്രൂരതകൾക്ക് ഖേദപ്രകടനം മതിയാകില്ലെന്നും പ്രധാനമന്ത്രി തേരസാ മേ മാപ്പ് പറയണമെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. തേരേസാ മേ സമ്പൂർണവും വ്യക്തവും സംശയങ്ങൾക്ക് ഇടനൽകാത്ത വിധവും മാപ്പ് പറയണം എന്നും തരൂർ ആവശ്യപ്പെട്ടു. ജാലിയൻ വാലാബാഗ് കൂട്ടകൊലപാതകത്തിന്‍റെ പ്രായശ്ചിത്തമായി ബ്രിട്ടൺ ഇനിയെങ്കിലും ഇന്ത്യയോട് മാപ്പ് ചോദിക്കണം എന്ന് ശശി തരൂർ 2016ൽ ആൻ ഇറാ ഓഫ് ഡാർക്ക്‌നസ് എന്ന തന്‍റെ പുസ്തകത്തിലൂടെയാണ് ഏറ്റവും ഒടുവിൽ ആവശ്യപ്പെട്ടത്.

കോളനി ഭരണകാലത്തെ ബ്രീട്ടീഷ് ക്രൂരതകൾക്ക് ബ്രിട്ടൻ പ്രധാനമന്ത്രിയുടെ ഖേദപ്രകടനം മാത്രം മതിയാകില്ലെന്നും, മാപ്പ് പറയണമെന്നുമാണ് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ പറഞ്ഞത്. പ്രതിപക്ഷ നേതാവ് ജെർമി കോർബിൻ ആവശ്യപ്പെട്ടപോലെ വ്യക്തമായും സംശയങ്ങള്‍ ദൂരീകരിക്കുന്നവിധത്തിലും ബ്രിട്ടൻ മാപ്പ് പറയണമെന്നും തരൂർ ആവശ്യപ്പെട്ടു. താൻ ആവശ്യപ്പെട്ടത് ബ്രിട്ടണ്‍ തെറ്റ് ചെയ്തു എന്ന് ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കലായിരുന്നു, എന്നാൽ ഇപ്പോൾ ഖേദ പ്രകടനത്തിലെങ്കിലും ബ്രിട്ടൻ തയ്യാറായല്ലോ. ഇതുവരെ ഒളിച്ചുവെക്കുകയായിരുന്നു, കോളനിവത്ക്കരണത്തിലൂടെ രാജ്യത്തെ അടിച്ചമർത്തിയതിന് ക്ഷമ പറയണമെന്നും തരൂർ ട്വിറ്ററില്‍ കുറിച്ചു.

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി തെരേസ മേ പ്രസ്താവന നടത്തിയിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് ശശി തരൂർ രംഗത്തെത്തിയത്. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ സംഭവങ്ങളിൽ ഒന്നായിരുന്നു 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊല.