ബ്രെക്‌സിറ്റ് കാലാവധി വീണ്ടും നീട്ടണം : ഡോണാൾഡ് ടസ്‌ക്കിന് തെരേസ മേയുടെ കത്ത്

Jaihind Webdesk
Saturday, April 6, 2019

Theresa-May

ബ്രെക്‌സിറ്റ് കാലാവധി വീണ്ടും നീട്ടണമെന്ന് ആവശ്യപ്പെട്ട് തെരേസ മേ യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്‍റ് ഡോണാൾഡ് ടസ്‌ക്കിന് കത്തയച്ചു. പാർലമെന്‍റിൽ കരാർ പാസാക്കി കിട്ടാനായി ജൂൺ 30 വരെ നീട്ടണമെന്നാണ് മേ ആവശ്യപ്പെട്ടത്.

നിലവിലെ തീരുമാനപ്രകാരം ബ്രിട്ടൻ മെയ് 22ന് യൂറോപ്യൻ യൂണിയൻ വിടും. ഏപ്രിൽ 12ന് മുമ്പ് ബ്രെക്‌സിറ്റ് കരാർ പാർലമെന്‍റിൽ പാസാക്കാൻ കഴിയില്ല എന്നുറപ്പായതോടെയാണ് കൂടുതൽ സമയം ആവശ്യപ്പെട്ടത്.

ഏപ്രിൽ 10ന് യൂറോപ്യൻ യൂണിയൻ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് ബ്രെക്‌സിറ്റ് കാലാവധി നീട്ടിക്കിട്ടാനാണ് മേ ശ്രമിക്കുന്നത്.
മൂന്നുവട്ടം പരാജയപ്പെട്ട ബിൽ മെച്ചപ്പെടുത്താൻ സമയം വേണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂൺ 30ന് മുമ്ബ് തീരുമാനമുണ്ടാവുകയാണെങ്കിൽ അതിനു മുമ്ബുതന്നെ ഇയു വിടുമെന്നും മെയ് 22ന് മുമ്ബായി കരാറിൽ ഒത്തുതീർപ്പാകാൻ പരമാവധി ശ്രമിക്കുമെന്നുമാണ് മേ കത്തിൽ പറഞ്ഞിരിക്കുന്നത്. അതേസമയം, യൂറേപ്യൻ യൂണിയൻ 2020 മാർച്ച് വരെ ബ്രിട്ടന് സമയം നീട്ടീനൽകിയേക്കുമെന്ന് റിപ്പോർട്ടുണ്ട്.