ജീവന് ഭീഷണിയായി പാറമട ; പാറക്കഷണങ്ങള്‍ വീഴുന്നത് വീടുകളുടെ മുകളിലേക്ക്; പരിഹാരം കാണണമെന്ന് നാട്ടുകാർ

Jaihind News Bureau
Wednesday, December 11, 2019

ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് അഞ്ചിരിയിൽ പാറമട സ്വൈര്യ ജീവിതത്തിന് തടസമാകുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത്. അഞ്ചിരി ഇടിവെട്ടിപ്പാറ കോളനിയിലെ ജനങ്ങളാണ് സമീപത്ത് പ്രവർത്തിക്കുന്ന പാറമടക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇഞ്ചിയാനി സ്വദേശി ഷിജു തോമസിന്‍റെ ലൈസൻസിയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ പാറപൊട്ടിക്കുമ്പോൾ പാറക്കഷണങ്ങൾ വീടുകളിലേക്ക് തെറിച്ചു വീഴുന്നതാണ് നാട്ടുകാരുടെ പ്രധാന പ്രശ്നം.

ഇവിടെ വലിയ സ്ഫോടനങ്ങൾ നടത്തിയാണ് പാറ പൊട്ടിക്കുന്നത്. കൽച്ചീളുകൾ 500 മീറ്റർ താഴെ വരെ തെറിച്ചെത്തും. കല്ലുകൾ തെറിച്ച് വീണ് വീടുകളുടെ ഓട് പൊട്ടി. വാർക്ക വീടുകളിൽ വിള്ളലുമുണ്ടായിട്ടുണ്ട്. ഉഗ്ര സ്ഫോടനം കാരണമുണ്ടാകുന്ന പ്രകമ്പനങ്ങളും വീടുകൾക്ക് ബലക്ഷയമുണ്ടാക്കുന്നുണ്ട്. കോളനിയിലുള്ള പഞ്ചായത്ത് കമ്യൂണിറ്റി ഹാളും വിണ്ടുകീറിയ നിലയിലാണ്. കൊച്ചുകുട്ടികളും പ്രായമായവരും ഉൾപ്പടെ നാൽപതോളം കുടുംബങ്ങളാണ് ഇവിടെ പേടിയോടെ കഴിയുന്നത്. കഴിഞ്ഞ ദിവസം മൂന്ന് മാസം പ്രായമായ കുട്ടിയുടെ സമീപത്താണ് കല്ല് തെറിച്ചുവീണത്. ജീവനിൽ പേടിച്ച് ചില കുടുംബങ്ങൾ പ്രദേശം വിട്ടുപോയെന്ന് നാട്ടുകാർ പറയുന്നു.

ലോഡ് കൊണ്ടുപോകുന്ന വാഹനങ്ങൾ പാഞ്ഞ് റോഡ് മുഴുവൻ താറുമാറായി കിടക്കുകയാണ്. പൊടി കാരണം സമീപത്തെങ്ങും നിൽക്കാൻ പറ്റാത്ത അവസ്ഥ. കളക്ടർക്കും പോലീസിനും ആലക്കോട് പഞ്ചായത്തിനും ജിയോളജി വകുപ്പിനുമൊക്കെ പരാതി നൽകി. എന്നാൽ യാതൊരു നടപടിയുമെടുത്തില്ല. ജിയോളജി വകുപ്പും പോലീസുമൊക്കെ പാറമടക്കാർക്ക് അനുകൂലമായാണ് നിലപാടെടുത്തത് എന്നാണ് നാട്ടുകാരുടെ ആരോപണം. സഹികെട്ടപ്പോൾ നാട്ടുകാർ പാറകൊണ്ടുപോകുന്ന വണ്ടികൾ തടഞ്ഞിരുന്നു. എന്നാൽ പോലീസ് പാറമട ഉടമകളുടെ ഭാഗത്തുനിന്നാണ് അപ്പോഴൊക്കെ സംസാരിച്ചതെന്ന് നാട്ടുകാർ പറയുന്നു. ലൈസൻസിന്‍റെ മറവിൽ അനുവദനീയമായ അളവിൽ കൂടുതൽ പാറയാണ് ദിവസവും ഇവിടെ നിന്ന് കൊണ്ടുപോകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കി സ്വൈര്യജീവിതം ഉറപ്പാക്കാന്‍ അധികൃതർ തയാറാവണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.