ഖനനാനുമതിക്ക് പിന്നില്‍ അഴിമതി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനത്തിന്‍റെ പൂര്‍ണരൂപം

Jaihind Webdesk
Friday, September 6, 2019

ramesh chennithala

ഖനനാനുമതിക്ക് പിന്നില്‍ അഴിമതി

1. യാതൊരു തത്വദീക്ഷയുമില്ലാതെ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചതാണ് കേരളത്തില്‍ അടിക്കടി ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക് മുഖ്യകാരണമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

2. അധികൃത ക്വാറികളുടെ എട്ടു മടങ്ങാണ് അനധികൃത ക്വാറികള്‍. അധികൃത ക്വാറികള്‍ 750 മാത്രമാണെങ്കില്‍  അനധികൃത ക്വാറികളുടെ എണ്ണം ആറായിരത്തോളമെന്നാണ് കണക്ക്. ഇവയെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ സംസ്ഥാനത്തെവിടെയും യഥേഷ്ടം ക്വാറികള്‍ ആരംഭിക്കാന്‍ നീക്കം നടത്തുകയും ചെയ്തു.

3. ഭൂപതിവ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയാണ് ഇതിനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയത്.  5-03-2019 ലെ മന്ത്രിസഭാ യോഗം ഇതിന് തീരുമാനമെടുത്തു. ഇതിന്  പിന്നില്‍ വന്‍ അഴിമതിയാണ് നടന്നത്.

4. 1964 ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് സംസ്ഥാനത്ത് പതിച്ചു നല്‍കിയ ഭൂമിയില്‍ ഇഷ്ടം പോലെ ഖനനത്തിന് അനുമതി നല്‍കിയത്. ഇതിനായി 1964 ലെ ഭൂപതിവ് ചട്ടങ്ങളിലെ ചട്ടം നാലില്‍ ഭേദഗതി വരുത്തി രണ്ടു ഉപചട്ടങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്.

5 . ഭേദഗതി ഇങ്ങനെയാണ്…. ജിയോളജിസ്റ്റും കൃഷി ഓഫീസറും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി സ്ഥലം പരിശോധിച്ച് കൃഷിക്ക് യോഗ്യമല്ലെന്നും ക്വാറീയിംഗ് പ്രവര്‍ത്തനത്തിന് യോഗ്യമാണെന്നുമുള്ള റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കുകയും പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ ജില്ലാ കളക്ടര്‍ക്ക്  ഖനനം നടത്തുന്നതിന് ന്‍.ഒ.സി നല്‍കാമെന്നാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

6. അതായത് ജിയോളജിസ്റ്റ്, കൃഷി ഓഫീസര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ ചേര്‍ന്നാല്‍ എവിടെയും ഖനനാനുമതി നല്‍കാം.

7. 1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് ഭൂമി പതിച്ചു നല്‍കുന്നത് കൃഷി, താമസം, തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്കാണ്. അവിടെ അതല്ലാതെ മറ്റു പ്രവര്‍ത്തനങ്ങള്‍ പാടില്ല. അതാണ് അട്ടിമറിച്ചിരിക്കുന്നത്.

8.  പതിച്ചു നല്‍കിയ ഭൂമിയില്‍ ഖനനാനുമതി നല്‍കുന്നതിന് റവന്യൂ വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്. പക്ഷേ മന്ത്രിസഭാ യോഗത്തില്‍ റവന്യൂ വകുപ്പ് മന്ത്രിയല്ല വിഷയം കൊണ്ടു വന്നത്. പകരം വ്യവസായ മന്ത്രിയാണ്. അതും ഔട്ട് ഓഫ് അജണ്ടയായി. (ഇനം നമ്പര്‍ 2930 OA). ഇത് സംശയകരമാണ്.

9. എന്തിനായിരുന്നു റവന്യൂ വകുപ്പ് മന്ത്രിയെ ഇരുളില്‍ നിര്‍ത്തി ഔട്ട് ഓഫ് അജണ്ടയായി ഖനനത്തിന് അനുമതി നല്‍കുന്ന വിഷയം വ്യവസായ മന്ത്രി കൊണ്ടു വന്നത്?

10. സംശയകരമായ പല വസ്തുതകളും ഈ തീരുമാനത്തിന്റെ പിന്നിലുണ്ട്. ഔട്ട് ഓഫ് അജണ്ടയായി മന്ത്രിസഭയുടെ മുന്നില്‍ വ്യവസായമന്ത്രി കൊണ്ടു വന്നത് 5-03-2019 ല്‍. അന്നു തന്നെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടു. 48 മണിക്കൂറിനകം  സര്‍ക്കാരിന്റെ ഉത്തരവും പുറത്തിറങ്ങി. (സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 95/2019/റവ. 8-3-2019)

11. ലോകഭാ തിരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം പുറത്ത് വരുന്നതിനു മുന്‍പ് വളരെ ധൃതി പിടിച്ച് ഉത്തരവ് പുറത്തു വന്നു. സര്‍ക്കാര്‍ മെഷിനറി വളരെ ശുഷ്‌ക്കാന്തിയോടെ ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചു. അതേ സമയം ഇതേ ദിവസം മന്ത്രിസഭ തീരുമാനിച്ച കാര്‍ഷിക കടങ്ങള്‍ക്കുള്ള മോറിട്ടോറിയം തീരുമാനം അവിടെ കിടന്നു. അതിനമേല്‍ ഉത്തരവ് ഇറങ്ങിയില്ല. ആ പേപ്പര്‍ നീക്കാന്‍ ആരും പിന്നാലെ ചെന്നില്ല.

12. 8-03-209 ല്‍ ഉത്തരവ് ഇറങ്ങിയെങ്കിലും ഉത്തരവനുസരിച്ചുള്ള ഭൂപതിവ് ചട്ടങ്ങളിലെ ചട്ടം ഭേദഗതി ചെയ്തു കൊണ്ടുള്ള  നോട്ടിഫിക്കേഷന്‍ ഇറങ്ങിയില്ല. അതാണ് സംശയകരമായ കാര്യം. ഉത്തരവിന് എന്തു സംഭവിച്ചു?  ആരെങ്കിലും ആ ഉത്തരവ് വാങ്ങി പൂട്ടി വച്ചിട്ടുണ്ടോ? മുഖ്യമന്ത്രി മറുപടി പറയണം.

13. ഇത് സംബന്ധിച്ച 9551/p2/2014/rev. dept ഫയല്‍ പുറത്തു വിടാമോ?

14. താന്‍ അറിഞ്ഞിട്ടല്ല ഇങ്ങനെ ഒരു തീരുമാനമുണ്ടായതെന്ന് റവന്യൂ മന്ത്രി പറഞ്ഞതായി അന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അത് ശരിയാണെങ്കില്‍ ആരുടെ താത്പര്യമനുസരിച്ചാണ് ഇങ്ങനെ ഒരു തീരുമാനമുണ്ടായത്?

15. റവന്യൂ വകുപ്പിന്റെ നിലപാട് എന്താണ്? സി.പി.ഐയുടെ നിലപാട് എന്താണ്?

16. ഇവിടെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ വഴിയാണ് ചട്ടത്തിന് ഭേദഗതിക്ക് ശ്രമിച്ചത്. ഇത് പാടില്ലെന്ന് നിരവധി ഹൈക്കോടതി വിധികളുണ്ട്. ചട്ടം ഭേദഗതി ചെയ്യുന്നതിന് നിയമാനൃതമായ നടപടി ക്രമങ്ങളുണ്ട്. അതൊന്നും  പാലിക്കപ്പെട്ടിട്ടില്ല.

17. വന്‍ പ്രത്യാഘാതമുണ്ടാക്കുന്ന  ഈ തീരുമാനത്തിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ട്. ക്വാറി ഉടമകള്‍ ഇതിനായി വന്‍ തോതില്‍ പണപ്പിരിവ് നടത്തിയതായി ആക്ഷേപമുണ്ട്. ഈ പണം ആര്‍ക്കാണ് കിട്ടിയത്?

18. വലിയ നയമാറ്റമുണ്ടാക്കുന്ന ഈ തീരുമാനം ഇടതു മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല.

19.  സംസ്ഥാനം പാരിസ്ഥിതികമായി വന്‍ അപകട ഭീഷണി നേരിടുന്ന ഈ അവസ്ഥയില്‍  ഈ തീരുമാനം വലിയ അപകടമുണ്ടാക്കും.

20. നിര്‍മ്മാണ വസ്തുക്കളുടെ അപര്യാപ്തയുടെ മറപിടിച്ചാണ് ഈ തീരുമാനമുണ്ടായിട്ടുള്ളത്. നിര്‍മ്മാണ വസ്തുക്കളുടെ അപര്യാപ്തത പരിഹരിക്കേണ്ടതു തന്നെയാണ്.  പക്ഷേ അതിന് വേണ്ടി സംസ്ഥാനത്ത് എവിടെയും ആര്‍ക്കും ഖനനം നടത്താന്‍ അനുമതി നല്‍കുന്നത് ശരിയല്ല.

21.  ഈ തീരുമാനമെടുക്കും മുന്‍പ് ഇത് സംബന്ധിച്ച പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടില്ല.

 

ടൈറ്റാനിയം കേസ്:

കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ടൈറ്റാനിയം ലിമിറ്റഡ് സ്ഥാപനത്തില്‍ മലിനീകരണപ്ലാന്റ് സ്ഥാപിച്ചത് സംബന്ധിച്ച് സ്വകാര്യ അന്യായങ്ങളെ അടിസ്ഥാനപ്പെടുത്തി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കാനായി ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതവും വിലകുറഞ്ഞ  രാഷ്ട്രീയവും മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുളളതുമാണ്.

19.5.2005 നാണ് സര്‍ക്കാര്‍ ടൈറ്റാനിയം മലിനീകരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയത്. അന്നത്തെ ഭരണകക്ഷി പാര്‍ട്ടിയുടെ പ്രസിഡന്റുമായി ഗൂഡാലോനട നടത്തിയാണ് അതിനു അനുമതി നല്‍കിയെന്നതാണ് പരാതി. 30.6.2005 തീയതിയാണ് കേരളാ പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിതനായത്.  ഈ   നിയമനത്തിന് 41 ദിവസം മുമ്പാണ് സര്‍ക്കാര്‍ ടൈറ്റാനിയത്തിന്റെ  മലിനീകരണ പ്ലാന്റ് സ്ഥാപിക്കുന്നുവേണ്ടിയുള്ള ഭരണാനുമതി നല്‍കിയത്. അതുകൊണ്ടുതന്നെ ശ്രീ. രമേശ് ചെന്നിത്തലയ്ക്കോ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയ്ക്കോ    പ്രസ്തുത ഇടപാടുമായി യാതൊരു ബന്ധവുമില്ല.

ജി. സുനില്‍ എന്ന വ്യക്തി 2006 ല്‍ ആദ്യമായി നല്‍കിയ പരാതിയില്‍ രമേശ് ചെന്നിത്തല പ്രതിയല്ല. ആയതിനുശേഷം 2011 ല്‍ ജയന്‍ എന്ന വ്യക്തി രമേശ് ചെന്നിത്തലയെ പ്രതിയാക്കി നല്‍കിയ ഹര്‍ജി കോടതി 6.9.2011 ലെ ഉത്തരവിലൂടെ നിരാകരിക്കുകയാണുണ്ടായത്.

ബഹു. കേരള ഹൈക്കോടതിയുടെ 25.11.2014 ലെ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നു. കഴിഞ്ഞ 5 വര്‍ഷക്കാലമായി  ഈ  കേസിനെ എതിര്‍ക്കുവാനോ ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് റദ്ദ് ചെയ്യുന്നതിനോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വിജിലന്‍സ് കോടതി 28.8.2014 ല്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവില്‍  രമേശ് ചെന്നിത്തലക്കെതിരെ പ്രഥമ ദൃഷ്ട്യ എന്തെങ്കിലും തെളിവുകളോ  അദ്ദേഹത്തിന് നിലവില്‍ ക്രിമിനല്‍ കുറ്റം ചെയ്യാന്‍ ഉദ്യേശമുള്ളതായും പ്രതിപാദിച്ചിട്ടില്ല.

ബഹു. കേരള ഹൈക്കോടതിയിലെ 25.11.2011 ഉത്തരവ് പ്രകാരം   രമേശ് ചെന്നിത്തലയെ  ചോദ്യം ചെയ്യാനോ കേസ് രജിസ്റ്റര്‍ ചെയ്യുന്ന സമയം ഏതെങ്കിലും ഒരു അന്വേഷണ ഏജന്‍സി പ്രതിയാക്കണമെങ്കിലോ വിശദമായി അന്വേഷണം വേണം.

ആ സ്ഥാപനത്തിന്റെ നടത്തിപ്പിലോ മേല്‍നോട്ടത്തിലോ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയ്ക്കോ അതിന്റെ പ്രസിഡന്റായിരുന്ന ശ്രീ. രമേശ് ചെന്നിത്തലയ്ക്കോ യാതൊരു ബന്ധവുമില്ല. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മലിനീകരണപ്ലാന്റ് സ്ഥാപനുമായി ഉയര്‍ന്നുവന്ന ക്രമക്കേടിലും അഴിമതിയിലും പ്രതിപക്ഷനേതാവിന് യാതൊരു പങ്കുള്ളതായും കേരള വിജിലന്‍സോ മറ്റ് ഏതെങ്കിലും ഒരു അന്വേഷണ ഏജന്‍സികളോ ആരോപിക്കുകയോ കണ്ടെത്തുകയോ ചെയ്തിട്ടില്ല.
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മലിനീകരണ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ക്രമക്കേടും അഴിമതിയും ആരോപിച്ച് ടൈറ്റാനിയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരെ പ്രതിചേര്‍ത്ത് തിരുവനന്തപുരം വിജലിന്‍സ് കോടതിയില്‍ ബോധിപ്പിച്ച മൂന്ന് അന്യായങ്ങളില്‍ ഒരു അന്യായത്തിലെ ആരോപണങ്ങളെ സംബന് ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ ബോധിപ്പിച്ചിരിക്കെയാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവരെയും മറ്റും പ്രതിചേര്‍ത്ത് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ബോധിപ്പച്ച മൂന്നാമത്തെ അന്യായം സംബന് ധിച്ച് അന്വേഷണത്തിനുപോലും വിജിലന്‍സ് കോടതി ആരംഭത്തില്‍ ഉത്തരവിട്ടിട്ടുണ്ടായിരുന്നില്ല. പിന്നീട് മേല്‍ വിവരിച്ച നേതാക്കന്മാര്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്ററ് ചെയ്യാന്‍ വിജിലന്‍സ് കോടിത ഉത്തരവിറക്കിയെങ്കിലും മേല്‍ പരാതി സംബന്ധിച്ച പ്രതികളെചോദ്യും ചെയ്യലുള്‍പ്പെടെയുള്ള നടപടികള്‍ ഹൈക്കോടതി ഉത്തരവ് മൂലം നിര്‍ത്തിവെച്ചിരിക്കുകയാണ്. സി.എം.പി. 845/2006 -ാം പരാതിയിന്മേലാണ് വിജിലന്‍സ് കോടതി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. പക്ഷേ, ആ പരാതിയനുസരിച്ച് രമേശ് ചെന്നിത്തല പ്രതിപോലുമല്ല. ആയതു കൊണ്ട്തന്നെ ഇത്തരമൊരു കേസില്‍ ആരെയൊക്കെ പ്രതിചേര്‍ക്കണമെന്നും ആരെയൊക്കെ പ്രതിചേര്‍ക്കരുതെന്നും അന്വേഷണവിഭാഗം ആലോചിക്കണമെന്ന് കേരള ഹൈക്കോതിയുടെ വ്യക്തമാക്കിയിട്ടുള്ള യാഥാര്‍തഥ്യം വിസ്മരിച്ചുകൊണ്ട് മേല്‍കേസ് സി.ബി.ഐ. അന്വേഷിക്കാനായി സമ്മതപത്രം നല്കിയ സര്‍ക്കാര്‍ നടപടി ഇടതുമുന്നണിയുടെ വിലകുറഞ്ഞ രാഷ്ട്രീയ അജണ്ടയാണ്.