അതീവ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ അനധികൃത ക്വാറികൾ

Jaihind Webdesk
Thursday, October 18, 2018

കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിൽ അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നു.  അതീവ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത് എഴുപതോളം ക്വാറികള്‍. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാത്രം നാല്‍പ്പത് ക്വാറികള്‍. ലൈസന്‍സുളളത് പത്തെണ്ണത്തിന് മാത്രം.

എഴുപത് ക്വാറികളാണ് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ മല നിരകളിൽ പ്രവർത്തിക്കുന്നത്.  ഇതില്‍ നാല്‍പ്പത് ക്വാറികളും പ്രവര്‍ത്തിക്കുന്നതാവട്ടെ, പ‍ഞ്ചായത്തിലെ രണ്ടാം വാര്‍ഡായ നരിക്കോട്ട് മലയിലും, പാത്തിക്കല്‍, വാഴമല, കുഴിക്കല്‍ തുടങ്ങിയ അതീവ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ തന്നെയാണ് മറ്റു ക്വാറികളുടെയും പ്രവര്‍ത്തനം.

ആറളം വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഈ മലമുകളിലെ പ്രദേശത്ത് കഴിഞ്ഞ പ്രളയകാലത്ത് മാത്രം ഒന്‍പതിലേറെ തവണ ഉരുള്‍പൊട്ടലുണ്ടായിരുന്നു. അതീവ പരിസ്ഥിതി ദുർബല പ്രദേശത്ത് നടക്കുന്ന പാറ ഖനനത്തെ തുടർന്ന് ആശങ്കയോടെയാണ് ജനങ്ങൾ കഴിയുന്നത്.

2017ല്‍ കണ്ണൂര്‍ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഉരുള്‍ പൊട്ടല്‍ ഭീഷണിയുളളതിനാല്‍ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ വീടുകളില്‍ മഴവെളള സംഭരണി പോലും നിര്‍മ്മിക്കരുതെന്ന് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അവിടെയാണ് നാൽപ്പതിലധികം ക്വാറികൾ പ്രവൃത്തിക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്‍റെയും, റവന്യു അധികൃതരുടെയും മൗനാനുവാദത്തോടെയാണ് ഈ ഖനനം നടക്കുന്നത്. ലൈസൻസില്ലാതെ പ്രവൃത്തിക്കുന്ന ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.