മങ്ങാട്ടു പാറ ക്വാറി മാഫിയയ്ക്ക് ലീസിന് വിട്ട് നൽകിയ സർക്കാർ നടപടിയ്ക്കെതിരെ ജനകീയ പ്രതിഷേധം ശക്തം

Jaihind News Bureau
Monday, August 19, 2019

തിരുവനന്തപുരം ഉഴമലയ്ക്കൽ മങ്ങാട്ടു പാറ ക്വാറി മാഫിയയ്ക്ക് ലീസിന് വിട്ട് നൽകിയ സർക്കാർ നടപടിയിൽ ജനകീയ പ്രതിഷേധം ശക്തമാകുന്നു . കുട്ടികളും മുതിർന്നവരും ജവഹർ ബാല ജനവേദിയുടെ നേതൃത്വത്തിൽ വിവിധ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

ഉഴമലയ്ക്കൽ മങ്ങാട്ടു പാറയെ ക്വാറി മാഫിയയ്ക്ക് വിട്ട് കൊടുത്തതിലുള്ള ജനകീയ പ്രതിഷേധം കഴിഞ്ഞ ദിവസം ജയ ഹിന്ദ്‌ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മങ്ങാട്ടുപാറയും വാണിയംപാറയും പത്ത് വർഷത്തേക്കാണ് ഖനനം നടത്താൻ റവന്യു വകുപ്പ് സ്വകാര്യ വ്യക്തികൾക്ക് അനുമതി നൽകിയിരിക്കുന്നത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പട്ടികയിൽ ഇടം പിടിച്ച സ്ഥലമെന്നതിനാൽ പരിസ്ഥിതി ആഘാത സാധ്യത ഭയന്നാണ് പ്രദേശവാസികൾ ജീവിക്കുന്നത്.

കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരു നാടിനെയൊട്ടാകെ സംരക്ഷിക്കാനാണ് പ്രദേശവാസികൾ ശ്രമിക്കുന്നത് . പ്രതിഷേധത്തിന്‍റെ ആദ്യ ഘട്ടമായി ജവഹർ ബാലജനവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ മുതിർന്നവരും മങ്ങാട്ടു പാറയിലെത്തി പ്രതിഷേധ സദസ്സും മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു