ലീഡറുടെ സ്മരണ ആവേശവും ഊര്‍ജ്ജവും നല്‍കുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, December 23, 2020

തിരുവനന്തപുരം : ലീഡര്‍ കെ കരുണാകരന്‍റെ സ്മരണ മുന്നോട്ടുള്ള പ്രയാണത്തിന് ആവേശവും ഊര്‍ജ്ജവും നല്‍കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലീഡറുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധിഘട്ടത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാനും ഐക്യത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാനും കഴിവുള്ള ക്രാന്തദര്‍ശിയായ നേതാവായിരുന്നു ലീഡര്‍. അദ്ദേഹത്തിന്‍റെ ജീവിതം പുതുതലമുറയ്ക്ക് പാഠമാണ്. ലീഡര്‍ മുഖ്യമന്ത്രിയായിരുന്ന നാളുകള്‍ കേരളത്തിന്‍റെ വികസത്തിന്‍റേയും വളര്‍ച്ചയുടേയും കാലഘട്ടമായിരുന്നു. കേരളത്തിന്‍റെ വളര്‍ച്ചയ്ക്ക് ലീഡര്‍ നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. മതനിരപേക്ഷ രാഷ്ട്രീയത്തിന്‍റെ സമുജ്വല പോരാളിയായിരുന്നു കെ കരുണാകരന്‍.എല്ലാ മതവിഭാഗങ്ങളെയും ഒപ്പം നിര്‍ത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഗ്രൂപ്പ് സമവാക്യങ്ങളുടെ നായകനായിരുന്ന ലീഡര്‍ പാര്‍ട്ടിക്ക് ഉപകരിക്കുന്ന കഴിവുള്ള നേതാക്കളെ കണ്ടെത്തുന്നതിനും നേതൃനിരയില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും താല്‍പര്യം കാട്ടി.

എ.കെ ആന്‍റണിയുടെയും ലീഡറുടെയും കാലത്തെ ഗ്രൂപ്പ് പ്രവര്‍ത്തനം പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതായിരുന്നു. അഭിപ്രായ വ്യാത്യാസങ്ങള്‍ ഒരിക്കലും പാര്‍ട്ടിയുടെ തകര്‍ച്ചയിലേക്ക് നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഐക്യത്തോടെ പാര്‍ട്ടിയുടെ വിജയത്തിനായി പോരാടി. ഇത് പുതുതലമുറയിലെ പ്രവര്‍ത്തകര്‍ തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയും വേണം. കോണ്‍ഗ്രസ് മുക്തഭാരമെന്ന ബി.ജെ.പിയുടെയും സി.പി.എമ്മിന്‍റെയും സ്വപ്‌നം ഒരുകാലത്തും നടക്കാന്‍ പോകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്തും ലീഡര്‍ കെ കരുണാകരന്‍റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.പി അനില്‍കുമാര്‍, പാലോട് രവി, മണക്കാട് സുരേഷ്, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, പീതാംബരക്കുറുപ്പ്, ആര്‍ വത്സലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.