റഫാല്‍ പുനഃപരിശോധനാ ഹർജികളില്‍ സുപ്രീം കോടതി വിധി ഇന്ന് ; കേന്ദ്ര സര്‍ക്കാരിന് നിർണായകം

Jaihind Webdesk
Thursday, November 14, 2019

SC-Rafale

റഫാൽ ഇടപാടിൽ മോദി സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയ വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പുനപരിശോധനാ ഹർജികളിൽ വിധി പറയുന്നത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്നും ചോർന്ന രേഖകളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റഫാൽ ഇടപാടിൽ നേരിട്ട് ഇടപെട്ടു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതിയിൽ എത്തിയത്.

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന 2018 ഡിസംബറിലെ വിധിക്ക് എതിരായ പുനഃപരിശോധനാ ഹര്‍ജികളിലാണ് ഇന്ന് വിധി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഹർജികളില്‍ മേയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. റഫാല്‍ ഇടപാടിലെ ക്രമക്കേടുകള്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായി അന്വേഷിക്കണമെന്ന് പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തവര്‍ക്കായി അഡ്വ. പ്രശാന്ത്ഭൂഷണ്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ കൈമാറിയ രേഖകളിലെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന നിഗമനത്തില്‍ സുപ്രീം കോടതി എത്തിയത്. അഴിമതിക്ക് എതിരായ വ്യവസ്ഥകള്‍ ഉള്‍പ്പെടെ എട്ട് നിര്‍ണായകവ്യവസ്ഥ റഫാല്‍ കരാറില്‍നിന്ന് ഒഴിവാക്കിയ വസ്തുത സര്‍ക്കാര്‍ മറച്ചുവെച്ചു. കരാറിന്‍റെ പേരില്‍ നിഗൂഢമായ പല നീക്കങ്ങളും അണിയറയില്‍ നടന്നിട്ടുണ്ട്. അതെല്ലാം വെളിച്ചത്ത് കൊണ്ടുവരാന്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അന്ന് പ്രശാന്ത്ഭൂഷണ്‍ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് കഴിഞ്ഞ ഡിസംബർ 14 ന് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കുമോ എന്നാണ് ഇന്ന് അറിയാനാകുക. പുനഃപരിശോധന വേണമെന്നാണ് മൂന്നംഗ ബെഞ്ചിന്‍റെ നിലപാടെങ്കില്‍ അത് കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയാകും.