നിർഭയ കേസ് പ്രതി മുകേഷ് സിംഗിന്‍റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

Jaihind News Bureau
Monday, January 27, 2020

ന്യൂഡല്‍ഹി : രാഷ്ട്രപതി റാം നാഥ് കോവിന്ദ് ദയാഹർജി നിരസിച്ചത് ചോദ്യം ചെയ്ത് നിർഭയ കേസ് പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. വിഷയം ഇന്ന് കോടതിയുടെ മുന്നിൽ പരാമർശിച്ചതിനെ തുടർന്ന് നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിന്നു. ഇത് സംബന്ധിച്ച് കോടതി രജിസ്ട്രാർക്ക് നിർദേശം നൽകി.

ജനുവരി 17നാണ് മുകേഷ് സിംഗിന്‍റെ ദയാഹർജി രാഷ്ട്രപതി തളളിയത്. വിശദമായ പരിശോധനയില്ലാതെയാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്നാണ് സുപ്രീംകോടതിയിലെ ഹര്‍ജിയിൽ പറയുന്നത്. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ മരണ വാറണ്ടിനെതിരെ മുകേഷ് സിംഗ് സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാൻ പട്യാല കോടതി മരണ വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം മറ്റൊരു പ്രതിയായ വിനയ് ശർമയുടെ അഭിഭാഷകൻ നൽകിയ ഹർജി ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. വിനയ് ശർമയെ വിഷയം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും ഇതിന്‍റെ മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ജയിൽ അധികൃതർ നല്‍കുന്നില്ലെന്നുമായിരുന്നു അഭിഭാഷകൻ എ.പി സിങ്ങ് ഡല്‍ഹി പട്യാല ഹൗസ് കോടതിയെ അറിയിച്ചത്. എന്നാൽ രേഖകളെല്ലാം കൈമാറിയെന്നും വധശിക്ഷ വൈകിപ്പിക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് ശരിവെച്ചാണ് വിനയ് ശര്‍മ്മയുടെ ഹര്‍ജി പട്യാല ഹൗസ് കോടതി തള്ളിയത്.