കർഷകരുടെ ഉത്പന്നങ്ങള്‍ക്ക് അർഹിക്കുന്ന വില നല്‍കൂ, അതാണ് രാജധർമം : മോദിയോട് സോണിയാ ഗാന്ധി

Jaihind Webdesk
Sunday, October 27, 2019

Modi-Sonia

മോദി സർക്കാരിന്‍റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജധർമം പാലിക്കാന്‍ ബാധ്യസ്ഥനാണെന്ന് ഓർമപ്പെടുത്തിയ സോണിയാ ഗാന്ധി രാജ്യത്തെ കര്‍ഷകര്‍ക്കിത് കറുത്ത ദീപാവലിയാണെന്നും കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മിനിമം താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയാണ് കര്‍ഷകള്‍ക്ക് അവരുടെ വിളകള്‍ക്ക് ലഭിക്കുന്നതെന്നും കർഷകരുടെ ജീവിതം ദുരിതത്തിലാണെന്നും സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.

മോദി സര്‍ക്കാര്‍ 2018ല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം എന്തായിരുന്നുവെന്നത് ആലോചിക്കണം. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന വില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ചെലവിനേക്കാള്‍ 50 ശതമാനം ഉയര്‍ന്ന നിരക്കില്‍ മിനിമം താങ്ങുവില നല്‍കുമെന്നാണ് അന്ന് കേന്ദ്രം പറഞ്ഞിരുന്നത്. എന്നാല്‍ ചെലവാകുന്ന തുക പോലും കർഷകർക്ക് കിരികെ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇടനിലക്കാരുടെ ചൂഷണത്തിന് കൃഷിക്കാര്‍ വിധേയരാവുകയാണെന്നും സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.

‘കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഇരട്ടി പ്രഹരം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അവരുടെ വിളകള്‍ക്ക് അര്‍ഹിക്കുന്ന വില നല്‍കണം. അതാണ് യഥാര്‍ത്ഥ രാജധര്‍മം’ – സോണിയാ ഗാന്ധി പറഞ്ഞു.

താങ്ങുവിലയേക്കാള്‍ 22.5 ശതമാനം കുറഞ്ഞ നിരക്കാണ് ഖാരിഫ് വിളകള്‍ക്ക് ലഭിക്കുന്നതെന്നും ഇതുമൂലം കര്‍ഷകര്‍ക്ക് 50,000 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും സോണിയാ ഗാന്ധി പറഞ്ഞു. ഈ നഷ്ടം ആരാണ് ഏറ്റെടുക്കുകയെന്നും സോണിയാ ഗാന്ധി ചോദിച്ചു. അധികാരത്തിലേറിയതിന് പിന്നാലെ ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണെന്നും കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള ഉപകരണങ്ങളുടെ വിലയും നികുതിയും കൂട്ടിയതും ഡീസല്‍ വില വര്‍ധിപ്പിച്ചതും കര്‍ഷകര്‍ക്ക് ഇരുട്ടടി ആയെന്നും സോണിയാ ഗാന്ധി പറഞ്ഞു. വളത്തിനും കാര്‍ഷികോപകരണങ്ങള്‍ക്കും ഉള്‍പ്പെടെ ജി.എസ്.ടി ചുമത്തി മോദി സർക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്. ഒപ്പം ഡീസല്‍ വില വർധനവും വിളകള്‍ക്ക് ആവശ്യമായ വില ലഭിക്കാത്തതും കര്‍ഷകരുടെ ജീവിതം അനുദിനം ദുരിതത്തിലാക്കുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.