കൂടത്തായി കൊലപാതക പരമ്പര: മുഖ്യപ്രതി ജോളിക്ക് സി.പി.എം പ്രാദേശിക നേതാവിന്‍റെ സഹായം ലഭിച്ചു

Jaihind Webdesk
Monday, October 7, 2019

നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് സി.പി.എം പ്രാദേശിക നേതാവിന്‍റെ സഹായം ലഭിച്ചു. വ്യാജ ഒസ്യത്ത് തയാറാക്കാന്‍ ജോളിയെ ഇയാള്‍ സഹായിച്ചതായും സാക്ഷിയായി ഒപ്പിട്ടതായും വ്യക്തമായി.  സി.പി.എം പ്രാദേശിക നേതാവിന്‍റെ ചെക്ക് ജോളിയുടെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ട സി.പി.എം പ്രാദേശിക നേതാവിന് ജോളിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും കണ്ടെത്തി. ജോളിയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ 50,000 രൂപയുടെ ചെക്ക് കണ്ടെടുത്തിരുന്നു. ഇത് സി.പി.എം പ്രാദേശിക നേതാവിന്‍റേതാണെന്ന് വ്യക്തമായിട്ടുണ്ട്. വ്യാജ വില്‍പത്രം ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണമാണ് സി.പി.എം പ്രാദേശികനേതാവിലേക്ക് വിരല്‍ ചൂണ്ടിയത്. സംശയത്തെ തുടർന്ന് പോലീസ് ഇയാളെ ഒരാഴ്ച മുമ്പ്  ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ജോളി ഇയാളെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ തിരക്കിയതായും വിവരമുണ്ട്.

അതേസമയം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനും കൊലപാതകത്തില്‍ പങ്കുള്ളതായി വ്യക്തമായി. സിലിയേയും കുഞ്ഞിനേയും കൊന്നത് തന്‍റെ അറിവോടെയെന്ന് ഷാജു അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. ജോളി മറ്റു ചില കൊലപാതകങ്ങളും ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ജോളിയുടെ ഫോൺ കോൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം റിമാൻഡിൽ കഴിയുന്ന പ്രതികളെ ബുധനാഴ്ചയോടെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.

teevandi enkile ennodu para