സ്ത്രീകള്‍ക്കും ഇനി മല ചവിട്ടാം

Jaihind Webdesk
Friday, September 28, 2018

ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതിയുടെ ചരിത്രവിധി. ഭക്തിയില്‍ ലിംഗവിവേചനം പാടില്ല എന്ന് സുപ്രീം കോടതി. സ്ത്രീകളോട് ഇരട്ടത്താപ്പ് കാട്ടുന്നത് തരംതാഴ്ത്തലാണ്. ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

10 വയസിനും 50 വയസിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ ചരിത്രവിധി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. നാല് ജഡ്ജിമാര്‍ ഏകാഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് അഭിപ്രായം രേഖപ്പെടുത്തി.

വിധിയെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷിതമായി മല ചവിട്ടാനുള്ള സംവിധാനമൊരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. അതേസമയം വിധി നിരാശാജനകമെന്ന് തന്ത്രി കുടുംബം പ്രതികരിച്ചു. സംഘടനകളും വ്യക്തികളും വിധിയെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തുന്നുണ്ട്.

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും ആചാരങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്നുമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രം തന്ത്രിയുടേയും വാദം. എട്ട് ദിവസം നീണ്ടുനിന്ന വാദത്തിനുശേഷമാണ് ഇന്നത്തെ ചരിത്രവിധി.

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് പ്രധാനമാണെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ് വാദത്തില്‍ പറഞ്ഞിരുന്നു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഒരുകാലത്ത് ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്തത് പോലെ സ്ത്രീകള്‍ക്കും ശബരിമല തുറന്നുകൊടുക്കണമെന്നാണ് ഇന്ദിരാ ജെയ്‌സിംഗ് സുപ്രീം കോടതിയില്‍ ഉന്നയിച്ചത്.

പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന നിലവിലെ ആചാരം തുടരണമെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ നിലപാട്. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വകുപ്പ് അടിസ്ഥാനമാക്കിയാണ് കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ആര്‍ത്തവ സമയത്തെ സ്ത്രീ പ്രവേശന വിലക്ക് തുടരുന്നത്. ശബരിമലയിലെ ഈ സുപ്രധാനവിധി മുഴുവന്‍ ക്ഷേത്രങ്ങള്‍ക്കും ബാധകമാണ്.

പത്തിനും അന്‍പതിനുമിടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഭരണഘടന നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണോ എന്നാണ് കോടതി പരിശോധിച്ചത്. സ്ത്രീകൾക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തൊട്ടുകൂടായ്മയുടേയും ലിംഗ വിവേചനത്തിന്റേയും ഭാഗമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.