വെടിയേറ്റ് മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാതെ മടങ്ങില്ലെന്ന നിലപാടിലുറച്ച് പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Friday, July 19, 2019

സോൻബദ്രയിൽ കഴിഞ്ഞ ദിവസം ഭൂമിതർക്കത്തിൽ വെടിയേറ്റ് മരിച്ചവരുടെ വീടുകൾ സന്ദർശിക്കാതെ മടങ്ങില്ലെന്ന നിലപാടിലുറച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കരുതൽ തടങ്കലിൽ ചുനർ ഗസ്റ്റ്‌ ഹൗസിലുള്ള പ്രിയങ്ക ഗാന്ധി ഇപ്പോഴും പ്രതിഷേധ ധർണ തുടരുകയാണ്. ഇതിനിടയിൽ ചുനർ ഗസ്റ്റ്‌ ഹൗസിലെ വൈദ്യുതി ബന്ധം അധികൃതർ ബോധപൂർവം വിഛേദിച്ചു.

ചുനാർ ഗസ്റ്റ് ഹൗസിൽ ധർണ ഇരിക്കുന്ന പ്രിയങ്ക ഗാന്ധിയെ അവിടെ നിന്നും ഒഴിപ്പിക്കാൻ ഗസ്റ്റ് ഹൗസ് അധികൃതർ ബോധപൂർവം ഗസ്റ്റ് ഹൗസിലെ വൈദ്യുതി ബന്ധം വിഛേദിക്കുകയായിരുന്നു. എന്നാൽ എന്തുവന്നാലും സോൻബദ്രയിൽ ഭൂമിതർക്കത്തിൽ വെടിയേറ്റ് മരിച്ചവരുടെ വീടുകൾ സന്ദർശിക്കാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് പ്രിയങ്കാ ഗാന്ധി. വൈദ്യുതി ബന്ധം വിഛേദിച്ചാൽ ഞങ്ങൾ ഇവിടുന്ന് പോകുമെന്ന് കരുതിയവരോട് മെഴുകുതിരി വെളിച്ചത്തിൽ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധിയും പ്രവർത്തകരും.

അതേസമയം പ്രിയങ്കാ ഗാന്ധിക്ക് എതിരായ പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്നും അധികാര ദുര്‍വിനിയോഗമാണ് യോഗി സര്‍ക്കാര്‍ തുടരുന്നതെന്നും രാഹുല്‍ ഗാന്ധിയും എ.ഐ.സി.സിയും നേരത്തെ പ്രതികരിച്ചു.