സി.പി.എമ്മിന്‍റെ ദുഷ്പ്രചാരണം; തങ്ങളും ആത്മഹത്യയുടെ വക്കിലെന്ന് സാജന്‍റെ കുടുംബം

Jaihind Webdesk
Saturday, July 13, 2019

സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യ ബീന. തനിക്കെതിരെ സി.പി.എം വ്യാജപ്രചാരണം നടത്തുന്നതായും താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും ബീന മാധ്യമങ്ങളോട് പറഞ്ഞു.

വ്യാജപ്രചാരണം നടത്തി മാനസികമായി തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. തെറ്റായ വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബീന പറഞ്ഞു. കുട്ടികള്‍ നല്‍കിയ മൊഴി തെറ്റായി പ്രചരിപ്പിക്കുകയാണ് സി.പി.എം ചെയ്യുന്നത്. കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നെന്ന തരത്തില്‍ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന് സാജന്‍റെ മകള്‍ വ്യക്തമാക്കി.

കേസ് വഴിതിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും തന്‍റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും ബീന പറഞ്ഞു. പാര്‍ട്ടിയെ സ്നേഹിച്ച ഒരാളുടെ കുടുംബത്തെ തകര്‍ക്കാന്‍ വ്യാജ പ്രചാരണം നടത്തുകയാണ് സി.പി.എം ചെയ്യുന്നതെന്നും ബീന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.